തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് മുഖ്യമന്ത്രി അഡീഷണല്‍ ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കാനും വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് വിഎസിന്‍റെ പ്രസ്താവന. ഐപിസി സെക്ഷന്‍ 188, 171 ജി എന്നിവ പ്രകാരം പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അന്തസും മാന്യതയുമില്ലാത്ത വിഎസിന്‍റെ വാക്കുകള്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി നല്‍കിയ പരാതിയില്‍ പറയുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹര്‍ജിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് .

തന്‍റെ പ്രസംഗത്തിലൂടെ വിവസ്ത്രമാക്കപ്പെടുന്ന ഉമ്മന്‍ചാണ്ടിയുടെ കപടമനസാക്ഷിയെ സംരക്ഷിക്കാനാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് തിരിച്ചടിച്ച് വിഎസ് രംഗത്തെത്തി. സര്‍ക്കാരിന്‍റെ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നതില്‍ അന്പേ പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ നിയമ നടപടി അപഹാസ്യവും ഒളിച്ചോടലുമാണെന്നും വിഎസ് പരിഹരിഹസിച്ചു. ഇത് രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി വിഎസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്. മുന്പ് ദേശാഭിമാനി ചീഫ് എഡിറ്ററായിരിക്കെ 2002ലാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. 2008ല്‍ കോടതി 1,10,000 രൂപ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.