തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തില്ല. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാല്‍ തനിക്ക് ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എത്താനാവില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയില്ല. വിവാദങ്ങളല്ല മറിച്ച് റിസള്‍ട്ടാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മനസ്സുവെച്ചാല്‍ കേരളത്തിന് എന്തും സാധിക്കും എന്നതിന്‍റെ തെളിവാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി, ഗവര്‍ണര്‍,മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി ഏഴ് പേരാണ് ഉദ്ഘാടനവേദിയില്‍ ഉണ്ടാവുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം തീരുമാനിച്ചത്. സംസ്ഥാനം നല്‍കിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കിയാണ് 7 പേരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്.
ഗതാഗതമന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൌമിനി ജെയ്ന്‍, എംപി കെവി തോമസ് എന്നിവരെ കൂടി വേദിയില്‍ ഉള്‍പ്പെടുത്താനായിരുന്നു പ്രാഥമിക തീരുമാനം. മുഖ്യമന്ത്രി കത്തയച്ചതിന് പിന്നാലെയാണ് ശ്രീധരനേയും ചെന്നിത്തലയേയും ഉള്‍പ്പെടുത്തി വേദിയില്‍ 9 പേരായി പുനര്‍ നിശ്ചയിച്ചത്.
