തിരുവനന്തപുരം: മുന്നണി ചെയര്‍മാന്‍ സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി തുടരണമെന്ന് യു.ഡി.എഫ് തീരുമാനം .എന്നാല്‍ ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സര്‍ക്കാരിനോട് യു.ഡി.എഫ് ആവശ്യപ്പെട്ടു

ഉമ്മന്‍ ചാണ്ടി ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് യോഗത്തില്‍ നിര്‍ദേശിച്ചു. ഘടകക്ഷി നേതാക്കളെല്ലാം ഒന്നടങ്കം പിന്താങ്ങി. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് മുന്നണി ചെയര്‍മാനാവുകയെന്നതാണ് കീഴ്വഴക്കം. അതിനാല്‍ ചെന്നിത്തലയാണ് ചെയര്‍മാനാകേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി നിലപാട് എടുത്തു . 

ചെയര്‍മാനായി തുടരുകയെന്ന നിര്‍ദേശത്തോട് തുടക്കം മുതലേ താന്‍ യോജിച്ചിരുന്നില്ലെന്നാണ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നത്. പദവിയൊന്നുമില്ലാതെ പ്രവര്‍ത്തിക്കാമെന്ന നിലപാട് ഉറ്റ അനുയായികളെ അറിയിച്ചിരുന്നു. നിലപാട് ഹൈക്കമാന്‍ഡിനെയും ഉമ്മന്‍ ചാണ്ടി അറിയിച്ചുവെന്നാണ് വിവരം. 

തോല്‍വിയെ സംബന്ധിച്ച വിശദ വിലയിരുത്തലുകളിലെയും യു.ഡി.എഫ് യോഗം കടന്നില്ല. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ തോല്‍വി വിലയിരുത്തും. ആരോപണങ്ങള്‍ ചെറുക്കാനായില്ല, ബി.ജെ.പിയും സി.പി.ഐ.എം വര്‍ഗീയ ധ്രുവീകരണം നടത്തി, സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനായില്ല തുടങ്ങിയവ തോല്‍വിക്ക് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

വിലക്കയറ്റം, യു.ഡി.എഫ് ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുണ്ടായ അക്രമം എന്നിവയില്‍ നടപടി വേണമെന്ന മുന്നണി ആവശ്യപ്പെട്ടു. മാനദണ്ഡം പാലിക്കാത്ത കൂട്ട സ്ഥലമാറ്റം റദ്ദാക്കണമെന്നതാണ് മറ്റൊരാവശ്യം