കെപിസിസി അധ്യക്ഷ പദവിയിലേക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. എ ഗ്രൂപ്പിനാകും അധ്യക്ഷ പദം എന്നതില്‍ സമവായമായതോടെ ബെന്നി ബഹനാന്‍റെ പേര് നിർദേശിക്കാന്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം ശ്രമം തുടങ്ങി. എന്നാലിതിനെതിരെ മറുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പ്രസിഡന്‍റ് പദം സംബന്ധിച്ച് ഹൈക്കമാന്‍റ് തീരുമാനമാകും നിര്‍ണായകമാവുക.

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു പദവിയിലേക്കുമില്ലെന്ന നിലപാടില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിക്കുമേല്‍ കെപിസിസി അധ്യക്ഷ പദം ഏറ്റെടുക്കാന്‍ സമ്മർദേറെയുണ്ട്. എന്നാല്‍ ഒരു പദവിയിലേക്കുമില്ലെന്ന് നിലപാട് ആവര്‍ത്തിച്ച ഉമ്മൻചാണ്ടി ഇക്കാര്യം കേരളത്തിന്‍റെ ചുമതലയുള്ള പ്രദേശ് റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലും വ്യക്തമാക്കി. എ ഗ്രൂപ്പിനാകും അധ്യക്ഷ പദം എന്നതില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തിലെത്തിയിട്ടുണ്ട്. അതനുസരിച്ച് ബെന്നി ബഹനാന്‍റെ പേര് എ ഗ്രൂപ്പിലെ ഒരു വിഭാഗം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ എ ഗ്രൂപ്പിലെ തന്നെ പ്രമുഖര്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയതോടെ അന്തിമ തീരുമാനത്തിലേക്കെത്താനായിട്ടില്ല. ഹസന്‍ തുടരുന്നതിനോടും ഗ്രൂപ്പില്‍ വിയോജിപ്പുകളുണ്ട്. മാത്രവുമല്ല ബെന്നി ബഹനാന്‍റ് പേര് ഹൈക്കമാന്റ് അംഗീകരിക്കുമോ എന്നതിലും സംശയമുണ്ട്. ഉമ്മൻചാണ്ടി അല്ലെങ്കില്‍ മറ്റാര് എന്നതിലും എ ഗ്രൂപ്പിന് വ്യക്തമായ ഉത്തരമില്ല. ഈ ഘട്ടത്തിൽ ഇപ്പോൾ അന്തിമ തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എ ഗ്രൂപ്പ് മാറി. അന്തിമ തീരുമാനമെടുക്കും മുന്പ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നുംം സൂചനയുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് നിര്‍ദേശിക്കുന്നവരെ തന്നെ ഹൈക്കമാന്‍റ് അംഗീകരിക്കണമെന്നില്ല. എംപി മാരും ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളും പദവി ലക്ഷ്യമിട്ട് രംഗത്തുണ്ട്. അതിനാല്‍ നിര്‍ണായകമാവുക ഹൈക്കമാന്‍റ് തീരുമാനമാകും.