ഉത്പാദനം നിയന്ത്രിക്കുന്ന കാര്യത്തിൽ ഇടഞ്ഞു നിന്ന ഇറാനും സൗദി അറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമവായത്തിലെത്തിയതോടെ എണ്ണ വിപണിയിലുണ്ടായ നേരിയ പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുന്നതാണ് ഇറാഖിന്റെ തീരുമാനം. ഐ.എസുമായി ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഒപെക്കിന്റെ തീരുമാനത്തിൽ ഇളവ് വേണമെന്നാണ് കഴിഞ്ഞ ദിവസം ഇറാഖിന്റെ എണ്ണ കാര്യ മന്ത്രി ജാബർ അൽ ലുഐബി ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള ഉത്പാദന തോതിൽ നിന്ന് പിന്നാക്കം പോകില്ലെന്ന് ഇറാഖ് ഓയിൽ മാർക്കറ്റിങ് കമ്പനി മേധാവി ഫലാഹ് അൽ അമീരിയും വ്യക്തമാക്കിയിരുന്നു.

ഉത്പാദന നിയന്ത്രണത്തെ കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ മാസം അൾജീരിയയിൽ ചേർന്ന ഒപെക് യോഗത്തിലും ഇറാഖ് ഇതേ നിലപാട് അറിയിച്ചിരുന്നു. അതേസമയം ഒപെക്കിലെ രണ്ടാമത്തെ ഉയർന്ന ഉൽപാദകരായ ഇറാഖ് ഉൽപാദനം കുറക്കാൻ തയാറായില്ലെങ്കിൽ ഇക്കാര്യത്തിൽ അവസാന ഘട്ടത്തിൽ മാത്രം സമ്മതമറിയിച്ച മറ്റു രാജ്യങ്ങളും നിലപാട് മാറ്റിയേക്കുമെന്നാണ് സൂചന. അങ്ങനെവന്നാൽ ഏറെ കാലമായി ഈ വിഷയവുമായി ബന്ധപ്പെട്ട് ഒപെക് - ഒപെക് ഇതര രാജ്യങ്ങൾ തമ്മിൽ നടത്തിവരുന്ന ചർച്ചകൾ വീണ്ടും അനിശ്ചിതത്തിലാവും.

അൾജീരിയൻ സമ്മേളനത്തിലെ തീരുമാനം അനുസരിച്ച് ഓരോ രാജ്യങ്ങളുടെയും ഉത്പാദന വിഹിതം അടുത്ത മാസം മുപ്പതിന് ചേരുന്ന ഒപെക് യോഗത്തിൽ തീരുമാനിക്കാനിരിക്കെയാണ് ഇറാഖിന്റെ പിന്മാറ്റം. ഒപെക് തീരുമാനം പാളുമെന്ന സൂചന ലഭിച്ചതോടെ ബ്രെന്റ് ക്രൂഡ് വില നേരിയ തോതിൽ ഇടിഞ്ഞു ബാരലിന് 51.25 ഡോളറിലെത്തി.ഇതിനിടെ എണ്ണ വിലയിടിവിന്റെ പ്രയാസമേറിയ കാലം പിന്നിട്ടതായും വിപണി ഉടൻ മെച്ചപ്പെടുമെന്നും ഖത്തർ ഊർജ വ്യവസായ മന്ത്രി ഡോ.മുഹമ്മദ് ബിൻ സാലേഹ് അൽ സാദ പറഞ്ഞു.