വിയന്ന: എണ്ണയുല്‍പാദനം വര്‍ധിപ്പിക്കില്ലെന്ന ഇറാൻ  നിലപാട് അയഞ്ഞതോടെ എണ്ണ ഉത്പാദനം കൂട്ടാൻ ഒപെക് യോഗത്തിൽ ധാരണ. ദിവസം 10 ലക്ഷം ബാരൽ അധികം ഉത്പാദനം പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യ വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് നടപടി.

ഓസ്ട്രിയയിലെ വിയന്നയിൽ ചേർന്ന ഒപെക് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇന്ധനവില ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങൾ ഒപെകിനോട് ഉത്പാദനം കൂട്ടാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉത്പാദനം എത്രത്തോളം കൂട്ടുമെന്ന കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല.

നിത്യേന 10ലക്ഷം ബാരലിന്‍റെ ഉത്പാദന വധനയുണ്ടാകുമെന്ന് സൗദി അറേബ്യ അറിയിച്ചു. എന്നാൽ ചില രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതിനാൽ ആകെ ഉത്പാദന വർധനവിലും കുറവ് വരാനിടയുണ്ട്. ഉത്പാദം കൂട്ടണമെന്ന നിലപാടിലായിരുന്നു സൗദി അറേബ്യ. നേരത്തെ എതിർത്തിരുന്ന ഇറാനും സമ്മതം മൂളിയതോടെയാണ് ഉൽപാദനം കൂട്ടാൻ വഴിയൊരുങ്ങിയത്.