ഒപെക്കിന്‍റെ പ്രതിദിന ഉൽപാദനം ചുരുക്കുമെന്ന മുൻ പ്രഖ്യാപനം പാളുകയും അംഗരാജ്യങ്ങൾ വീണ്ടും ഉയർന്ന ഉൽപാദനത്തിലേക്ക് നീങ്ങുകയും ചെയ്‌താൽ അടുത്ത വർഷവും വിപണിയിൽ എണ്ണയുടെ ആധിക്യം കൂടുമെന്നാണ് വിലയിരുത്തൽ. ഇതേതുടർന്ന് എണ്ണ വില വീണ്ടും താഴേക്കു പോകാനുള്ള സാധ്യത കൂടുമെന്നും രാജ്യാന്തര ഊർജ ഏജൻസിയുടെ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെയുള്ള ചാഞ്ചാട്ടത്തിനു ശേഷം സ്ഥിരത കൈവരിച്ച എണ്ണ വില ഇന്നലെ വീണ്ടും താഴേക്കു പോയിരുന്നു. വിപണിയിൽ എണ്ണ കൂടുതലാണെന്ന ആശങ്കയാണ് വിലയിടിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

ഉൽപാദനം ഗണ്യമായി കുറക്കുമെന്ന ഒപെക് തീരുമാനം നിലവിൽ വരുന്നത് വരെ ഈ അവസ്ഥ തുടരുമെന്നാണ് സൂചന. അധിക എണ്ണയെ കുറിച്ചും എണ്ണ ഉൽപ്പാദന നിയന്ത്രണത്തെ കുറിച്ചുമുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും ഒക്ടോബറിലെ ഉൽപാദനം എട്ടുലക്ഷം ബാരൽ അധികമാണെന്നും ഐ.ഇ.എ പറയുന്നു. 

ഒപെക് ഉൽപാദനവും കഴിഞ്ഞ മാസം റെക്കോർഡിൽ എത്തിയിരുന്നു. ഈ മാസം 30 നു വിയന്നയിൽ ചേരുന്ന
യോഗത്തിലും ഇറാനും ഇറാഖും മുൻ നിലപാട് തുടർന്നാൽ ഉൽപാദനം കുറക്കുന്ന വിഷയത്തിൽ ഒപെക് - ഒപെക് ഇതര രാജ്യങ്ങൾക്കിടയിൽ മാസങ്ങളായി നടക്കുന്ന ചർച്ചകൾ ഫലം കാണാതാവുമെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നു.