Asianet News MalayalamAsianet News Malayalam

വനംവകുപ്പിനെ ഞെട്ടിച്ച് 'ഓപ്പറേഷൻ ബഗീര': തടിലേലത്തിലൂടെ ഉദ്യോഗസ്ഥരും ഇടനിലക്കാരും വെട്ടിച്ചത് ലക്ഷങ്ങൾ

ബിനാമികൾക്കും അടുപ്പക്കാരായ ഇടനിലക്കാർക്കും ഉദ്യോഗസ്ഥർ തടിലേലത്തുക ചോർത്തി നൽകും. അങ്ങനെ വ്യാപകമായ വെട്ടിപ്പ് നടന്നെന്നും 'ഓപ്പറേഷൻ ബഗീര'യിൽ കണ്ടെത്തൽ.

operation bageera in forest department wide malpractices found
Author
Thiruvananthapuram, First Published Feb 22, 2019, 8:01 PM IST

തിരുവനന്തപുരം: വനംവകുപ്പിന്‍റെ തടിലേലത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ്. 'ഓപ്പറേഷൻ ബഗീര'യെന്ന പേരിൽ സംസഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇ- ടെണ്ടർ പോലും അട്ടിമറിച്ച്  വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് ലക്ഷങ്ങള്‍ സർക്കാരിന് നഷ്ടം വരുത്തിയതായി വിജിലൻസ് പറയുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേന്ന് തടിലേലത്തിൽ അഴിമതി നടത്തുന്നുവെന്ന് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 28 തടി, ചന്ദന ഡിപ്പോകളിൽ നടത്തിയ റെയ്ഡിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.

ക്രയിനുപയോഗിച്ച് ഡിപ്പോയിൽ തടി അടുക്കിയ ശേഷം തൊഴിലാളികളെക്കൊണ്ട് തടിയടുക്കിയതായി കാണിച്ച് വൻ തുക വെട്ടിച്ചതായി കണ്ടെത്തി. ലേലത്തിലെ അഴിമതി തടയാൻ കൊണ്ടുവന്ന ഈ ടെണ്ടറും ഉദ്യോഗസ്ഥർ അട്ടിമറിച്ചതായി വിജിലൻസ് കണ്ടെത്തി.  

ലേലത്തിനുള്ള സ്റ്റാർട്ടിംഗ് പ്രൈസും റിസർവ്വ് പ്രൈസും ഇടനിലക്കാർക്ക് ഉദ്യോഗസ്ഥർ ചോർത്തി നൽകിയാണ് തട്ടിപ്പ്. വനംവകുപ്പ് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക ലേലത്തിൽ പങ്കെടുക്കുന്നവ‍ർ വിളിച്ചില്ലെങ്കിൽ തടികള്‍ ആർക്ക് വിൽക്കണമെന്ന അന്തിമ തീരുമാനമെടുക്കാൻ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് അധികാരം. ഈ അധികാരം ഉപയോഗിച്ചാണ് 90 ശതമാനം ലേലവും നൽകിയിരിക്കുന്നത്.

അതായത് ബിനാമികൾക്കും, അടുപ്പക്കാരായ ഇടനിലക്കാർക്കുമാണ് ചില ഉദ്യോഗസ്ഥർ സ്ഥിരമായി ലേലം നൽകുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഈ കരാറുകാരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇനിയും അന്വേഷണം തുടരാനാണ് തീരുമാനം.

ലേലം പിടിച്ച തടി വനംവകുപ്പിന്‍റെ ഡിപ്പോയിൽ തന്നെ കരാറുകാർ അനധികൃതമായി സൂക്ഷിക്കും. കരാർ പ്രകാരം 40 ദിവസത്തിനുള്ളിൽ തടികള്‍ നീക്കം ചെയ്യണമെന്നാണ്. ഇങ്ങനെ ചെയ്യാതെ തടികള്‍ സൂക്ഷിക്കുന്നതിലൂടെ തറ വാടകയിനത്തിൽ ലക്ഷങ്ങള്‍ സർക്കാരിന് നഷ്ടപ്പെട്ടുവെന്നാണ് കണ്ടെത്തൽ. ചില ഡിപ്പോകളിൽ കണക്കിൽപ്പെടാതെ പണം കണ്ടെത്തി. മിക്ക സ്ഥലങ്ങളിലും ഡിപ്പോ രജിസ്റ്ററും സൂക്ഷിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios