ദില്ലി: ആഭ്യന്തര കലാപം രൂക്ഷമായ തെക്കന്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഓപ്പറേഷന്‍ സങ്കട് മോചന്‍ എന്ന പേരിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു വിദേശ കാര്യ സഹമന്ത്രി വി.കെ. സിങ്ങാണു നേതൃത്വം നല്‍കുന്നത്. 38 മലയാളികളെയും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം നാളെ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. 

തെക്കന്‍ സുഡാനില്‍ 600 ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണു വിദേശകാര്യമന്ത്രാലയത്തിനു ലഭിച്ചിരിക്കുന്ന വിവരം. മലയാളികള്‍ ഉള്‍പ്പടെ 300 പേര്‍ ഇതിനോടകം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം തെക്കന്‍ സുഡാന്റെ തലസ്ഥാനമായി ജൂബയിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ഈ ഘട്ടത്തില്‍ത്തന്നെ തെക്കന്‍ സുഡാനിലെ എല്ലാ ഇന്ത്യാക്കാരും മടങ്ങണമെന്നും, ഇപ്പോള്‍ വിസമതിച്ചാല്‍ പിന്നീട് രക്ഷാപ്രവത്തനം പ്രയാസകരമായിരിക്കുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. വ്യോമസേനയുടെ രണ്ട് സി17 വിമാനങ്ങള്‍ വഴിയാണ് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത്.

രണ്ടു സംഘങ്ങള്‍ ജൂബയില്‍ നിന്നും തിരിച്ച് കഴിഞ്ഞു. മലയാളികളെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാരെയും വഹിച്ച് കൊണ്ടുള്ള ഒരു വിമാനം തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തിയതിനു ശേഷമാകും ദില്ലിയിലേക്കു പോവുക. പുലര്‍ച്ചെ ആറു മണിയോടെ ഈ വിമാനം തിരുവനന്തപുരത്ത് എത്തുമെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.