പല സ്റ്റേഷനുകളിലും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയപ്പോള്‍ ചിലയിടത്ത് മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, വാഹനങ്ങള്‍ എന്നിവ അനധികൃതമായി സൂക്ഷിച്ചതായും പരാതികള്‍ കെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

തിരുവനന്തപുരം: ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പല സ്റ്റേഷനുകളിലും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയപ്പോള്‍ ചിലയിടത്ത് മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, വാഹനങ്ങള്‍ എന്നിവ അനധികൃതമായി സൂക്ഷിച്ചതായും പരാതികള്‍ കെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിലെ പയ്യോളി പൊലീസ് സ്റ്റേഷനിൽ 57,740 രൂപയും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിൽ 3060 രൂപയും ക്യാഷ് ബുക്കിലുള്ളതിനേക്കാൾ കുറവുള്ളതായി കണ്ടെത്തി. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിൽ 11.52 ഗ്രാം സ്വർണാഭരണങ്ങളും 4223 രൂപയും രണ്ട് മൊബൈൽ ഫോണുകളും 11 പെറ്റീഷനുകളും അനാഥമായി കണ്ടെത്തി. 

കാസര്‍ഗോഡ് ജില്ലയിലെ കുമ്പള,ബേക്കൽ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളില്‍ ബേക്കൽ സ്റ്റേഷനിൽ നിന്നും സ്വർണം കണ്ടെത്തി. മുമ്പ് പിടിക്കൂടിയ തോണ്ടി മുതലാണ് ഇതെന്നാണ് സംശയം. ഇടുക്കിയിലെ അടിമാലി, കട്ടപ്പന, കാഞ്ഞാർ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളില്‍ നിരവധി കേസുകളും സമൻസുകളും തീർപ്പാക്കാതെ കിടക്കുന്നതായി കണ്ടെത്തി. പണം വാങ്ങി കേസുകൾ ഒത്തു തീർപ്പാക്കിയതിനുള്ള തെളിവുകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അടിമാലി സ്റ്റേഷനിൽ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ രേഖകളിൽ പെടാത്ത സ്വർണം കണ്ടെത്തി.

എറണാകുളത്തെ ആറ് പൊലീസ് സ്റ്റേഷനുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. സെൻട്രൽ പോലീസ് സ്റ്റേഷനിൽ നിന്ന് 2 സ്വർണാഭരണങ്ങൾ അടക്കമുള്ള വസ്തുകള്‍ വിജിലൻസ് സംഘം പിടിച്ചെടുത്തു. കേസുകൾ രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പാക്കിയതിന് രേഖകളും വിജിലൻസ് കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശം രേഖകളിൽ കാണിക്കാത്ത പണവും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മാഫിയ സംഘങ്ങളുമായും ക്രിമിനലുകളുമായും ബന്ധമുള്ള പൊലീസ് സ്റ്റേഷനുകളെയും പൊലീസുകാരെയും വിജിലൻസ് ഇന്‍റലിജൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. നൂറിലധികം സ്റ്റേഷനുകളുടെ ആദ്യം പട്ടിക തയ്യാറാക്കി. ഇതിൽ നിന്നാണ് നിരവധി ആരോപണങ്ങള്‍ നേരിടുന്ന 53 പൊലീസ് സ്റ്റേഷനുകള്‍ തെര‌ഞ്ഞെടുത്തത്. പരിശോധന വിവരം ചോർന്നുപോകാതിരിക്കാനായി വിജിലൻസ് ഡയറക്ട‍ർ മുഹമ്മദ് യാസിനും ഐജി എച്ച് വെങ്കിടേഷും രാവിലെയാണ് ഓപ്പറേഷൻ നടത്തേണ്ട പൊലീസ് സ്റ്റേഷനുകളുടെ പട്ടിക എസ്പിമാർക്ക് കൈമാറിയത്.

കേസിലൊന്നും ഉള്‍പ്പെടാത്ത നിരവധി വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നുവെന്നും വിജിലൻസ് എസ്പിമാരുടെ പരിശോധനാ റിപ്പോ‍ർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 45 സർക്കാർ വകുപ്പുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധന റിപ്പോർ‍ട്ടുകളുടെ അടിസ്ഥാനത്തിൽ 1074 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും ശുപാർശ ചെയ്തിരുന്നു. ഇതിൽ തന്നെ ഗുരുതരമായ ക്രമക്കേട് നടത്തിയ കണ്ടെത്തിയ 64 ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനാണ് ശുപാർ‍ശ ചെയ്തത്. 18 ഉദ്യോഗസ്ഥരാണ് വിജിലൻസിൻെ കൈക്കൂലിക്കെണിയിൽ കുരുങ്ങിയത്.