ദില്ലി: തെക്കേ ഇന്ത്യാക്കാരെ അധിക്ഷേപിച്ച ബിജെപി നേതാവ് തരുണ്‍ വിജയുടെ പ്രസ്താവനക്കെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. എന്നാല്‍ സര്‍ക്കാരിന് വിവേചനമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.

ഇന്ത്യയില്‍ വംശീയ വിദ്വേഷമില്ലെന്നും കറുത്തവരായ തെക്കേ ഇന്ത്യക്കാരുമായി യോജിച്ച് ജീവിക്കുന്നത് ഇതിന് തെളിവാണെന്നും അല്‍ജസീറ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ബിജെപി നേതാവ് തരുണ്‍ വിജയ് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നതോടെ ലോക്‌സഭ മൂന്നു തവണ നിര്‍ത്തിവച്ചു.

മോട്ടോര്‍വാഹന നിയമഭേഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. ഇന്‍ഷുറന്‍സ് പരിധി 10 ലക്ഷമായി നിജപ്പെടുത്താനുള്ള വ്യവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തന്നെ തീരുമാനിച്ചെങ്കിലും ഇത് ശ്രദ്ധിക്കാതെ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതിയില്‍ അനാവശ്യ വോട്ടെടുപ്പ് നടന്നു.

റോഡപകടങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്‌ക്കാന്‍ പുതിയ വ്യവസ്ഥകള്‍ സഹായിക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്കുന്നതിനുള്ള ബില്ലിനെ പ്രതിപക്ഷവും സ്വാഗതം ചെയ്തു.