തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ഇതേത്തുടര്‍ന്ന് സ്‌പീക്കര്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് പുറത്തേക്ക് ഇറങ്ങി. അതേസമയം ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. സഭയിലെ സമരം അവസാനിപ്പിക്കണമെന്ന് സ്‌പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. അതേസമയം ചര്‍ച്ചകള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും യു ഡി എഫിനൊപ്പം സഭാ ബഹിഷ്‌ക്കരണത്തില്‍ പങ്കുചേര്‍ന്നു.

നേരത്തെ ചോദ്യോത്തരവേള തടസപ്പെടുത്തിയ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. ബഹളത്തെ തുടര്‍ന്ന് സഭ തല്‍കാലത്തേക്ക് നിര്‍ത്തിവച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളുമായി സ്പീക്കര്‍ ഇപ്പോള്‍ ചര്‍ച്ചനടത്തിയതിനെ തുടര്‍ന്ന് സഭ പുനരാരംഭിച്ചു. എന്നാല്‍ സഭ ബഹിഷ്‌ക്കരിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് പ്രതിപക്ഷം പുറത്തേക്ക് പോകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, പാര്‍ലമെന്ററികാര്യമന്ത്രി എ കെ ബാലന്‍ എന്നിവരാണ് സ്‌പീക്കര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തത്.