ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാനിലെ ജയ്ഷേ മുഹമ്മദിന്‍റെ മൂന്ന് ഭീകരതാവളങ്ങളിൽ വ്യോമാക്രമണം നടത്തി തിരിച്ചടി നൽകിയ സൈനികരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാക്കൾ. വ്യോമസേന പൈലറ്റുമാരെ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെയാണ് അഭിവാദ്യം ചെയ്തത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്‌സ് എന്നായിരുന്നു രാഹുലിന്‍റെ  ട്വീറ്റ്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വ്യോമസേനാ പൈലറ്റുമാര്‍ക്ക് രാഹുല്‍ ഗാന്ധി അഭിവാദ്യമര്‍പ്പിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തി. 

അഖിലേഷ് യാദവും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും വ്യോമസേനയ്ക്ക് അഭിവാദ്യം അർപ്പിച്ചു. മുൻ പ്രതിരോധ മന്ത്രി എകെ ആന്‍റണിയും സൈനികരെ അഭിവാദ്യം ചെയ്തു. ഞാൻ സൈനികരെ സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു എകെ ആന്‍റണിയുടെ പ്രതികരണം. മമതാ ബാനർജിയും സൈനികർക്ക് അഭിവാദ്യമറിയിച്ചിരുന്നു.