തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ എംഎല്‍എമാരുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാര്‍ നിയമസഭയില്‍ എത്തി ഇരുവരെയും പരിശോധിച്ചു. എംഎല്‍എമാരുടെ ആരോഗ്യനില വഷളാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരം ശക്തമാക്കാന്‍ രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കില്‍ വി ടി ബല്‍റാം, ശബരിനാഥ് ഉള്‍പ്പടെയുള്ള യുവ എംഎല്‍എമാരില്‍ ആരെങ്കിലും രണ്ടുപേര്‍ ഇന്നു സമരം തുടങ്ങുമെന്നാണ് സൂചന.