മൂന്നാം നാളും മുഖ്യമന്ത്രി സഭയിലില്ല: പ്രതിഷേധവുമായി പ്രതിപക്ഷം

First Published 28, Mar 2018, 10:28 AM IST
opposition protesting in the continuous absence of cm
Highlights
  • അദ്ദേഹം തിരക്കുള്ള ആളാണ്. എന്നാല്‍ സഭയോടുള്ള ഗൗരവം ബഹുമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ മുഖ്യമന്ത്രിയും ബാധ്യസ്ഥനാണ് -ചെന്നിത്തല 

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി പിണാറായി വിജയന്‍ വിട്ടു നില്‍ക്കുന്നതിനെതിരെ പ്രതിപക്ഷം. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം ശക്തമാക്കുകയും, പോലീസ് തന്നെ നിയമലംഘനം നടത്തുകയും ചെയ്യുമ്പോള്‍ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി എവിടെപ്പോയെന്ന് പ്രതിപക്ഷം ചോദിച്ചു. അതേസമയം പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പോയതാണ് മുഖ്യമന്ത്രിയെന്നും നിയമസഭയെ മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ യാത്രയെന്നും സ്പീക്കര്‍ പറഞ്ഞു. 

കേരളത്തില്‍ വര്‍ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങള്‍ സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.മുരളീധരന്‍ എംഎല്‍എയാണ് ഇന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസിന് ആമുഖമായി സംസാരിക്കുമ്പോള്‍ ആണ് അഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി സഭയില്‍ ഇല്ലെന്ന കാര്യം മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇതേ തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്ന് ദിവസമായി മുഖ്യമന്ത്രി സഭയില്‍ ഇല്ലെന്ന കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹം തിരക്കുള്ള ആളാണ്. എന്നാല്‍ സഭയോടുള്ള ഗൗരവം ബഹുമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ മുഖ്യമന്ത്രിയും ബാധ്യസ്ഥനാണ് -ചെന്നിത്തല പറഞ്ഞു. 
പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിനെ ഗൗനിക്കുന്നില്ലെന്ന് പലകുറി വിമര്‍ശിച്ച മുഖ്യമന്ത്രി അത്രപോലും സഭയെ മാനിക്കുന്നില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചത് പാര്‍ട്ടിയാണെന്നും അതു കൊണ്ടു തന്നെ സംഘടന വിട്ടൊരു കളി അദ്ദേഹത്തിന് ഇല്ലെന്നും മുഖ്യമന്ത്രിക്ക് പകരം മറുപടി പറയാന്‍ നിയോഗിക്കപ്പെട്ട പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സഭയില്‍ കൂടുതല്‍ സമയം ചിലവിടുന്നയാള്‍ തന്നെയാണ് മുഖ്യയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

അതേസമയം റേഡിയോ ജോക്കിയായ രാജേഷിന്റെ കൊലപാതകത്തില്‍ വിദേശത്തുള്ള ചിലര്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും കുറ്റവാളികെളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കണമെന്നും വി.ജോയ് എംഎല്‍എ ആവശ്യപ്പെട്ടു. 


 

loader