തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ് ഐസകിന്റെ സ്വപ്ന പദ്ധതിയായ കിഫ്ബിയെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസംഗത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രിസഭയുടെ കുട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. പിന്നീട് സബ്മിഷനായി അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
 
ബജറ്റില്‍ പണം നീക്കി വെക്കാതെ പുറത്ത് നിന്ന് വായ്പ എടുക്കുന്ന തരികിട കളികളാണ് കേരളത്തില്‍ നടക്കുന്നതെന്നായിരുന്നു മന്ത്രി ജി സുധാകരന്‍ ഇന്നലെ ആലപ്പുഴയില്‍ വെച്ച് പ്രസംഗിച്ചത്. ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണണെന്ന് ആവശ്യപ്പെടുന്ന നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയില്ല. വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്നാണ് സ്പീക്കർ നിരീക്ഷിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പ്രതിപക്ഷത്തിന്‍റെ അവകാശം സ്പീക്കർ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുമ്പോള്‍ സ്പീക്കര്‍ക്ക് അതില്‍ എന്താണ് കാര്യമെന്നും ചെന്നിത്തല ചോദിച്ചു. ഇത്തരം വിഷയം നിയമസഭയില്‍ അല്ലെങ്കില്‍ വേറെ എവിടെ പറയുമെന്നും ചെന്നിത്തല ചോദിച്ചു. ടര്‍ന്ന് വിഷയം ധനാഭ്യര്‍ത്ഥനാ ചര്‍ച്ചയ്ക്കിടെ വിഷയം അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞവെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. പിന്നീട് ആദ്യ സബ്മിഷനായി വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. 

വി.ഡി സതീശന്‍ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രിയാണ് മറുപടി പറഞ്ഞത്. കിഫ്ബിക്കെതിരെ സുധാകരന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും കിഫ്ബിക്ക് അനുകൂലമായാണ് അദ്ദേഹം സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സുധാകരന്റെ പ്രസംഗം ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തതിന്റെ സി.ഡി, വി.ഡി സതീശൻ സഭയുടെ മേശപ്പുറത്ത് വെച്ചു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത വളച്ചൊടിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ മറ്റ് മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത സി.ഡി ഹാജരാക്കാമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മന്ത്രി ജി സുധാകരനും താന്‍ കിഫ്ബിക്ക് അനുകൂലമായാണ് സംസാരിച്ചതെന്നും മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതെന്നുമായിരുന്നു വാദിച്ചത്. സബ്മിഷന് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.