ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമായി. അഭിപ്രായ സമന്വയത്തിനായി വിവിധ പാര്‍ട്ടികളുമായുളള ചര്‍ച്ചകളുടെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി, സോണിയാ ഗാന്ധി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മുന്‍കൈ എടുത്താണ് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ശ്രമം നടക്കുന്നത്. ഇതിനായി ഒരോ പാര്‍ട്ടിയുമായും സോണിയ ഒറ്റക്ക് ചര്‍ച്ച നടത്തി വരികയാണ്. ശരത് പവാര്‍, നിതഷ് കുമാര്‍, ഒമര്‍ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി രാജ, മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവരുമായി ഇതിനകം ചര്‍ച്ച പൂര്‍ത്തിയായി കഴിഞ്ഞു. ചൊവ്വാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായി ദില്ലിയില്‍ ചര്‍ച്ച നടക്കും. ഇതോടെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥി സംബന്ധിച്ച് ഒരു ധാരണ ഉരുത്തരിയിമെന്നാണ് പ്രതീക്ഷ്. മഹാത്മാഗാന്ധിയുടെ പേരക്കുട്ടി ഗോപാല്‍കൃഷ്ണ ഗാന്ധി, മുന്‍ സ്പീക്കര്‍ മീരാ കുമാര്‍, എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരുടെ പരിഗണനയിലുള്ളത്. ഇതില്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിക്കാണ് മുന്‍തൂക്കം. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മു, ആര്എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, കേന്ദ്ര മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ പേരുകളണ് എന്‍ഡിഎയില്‍ നിന്ന് ഉയരുന്നത്. ഇവരില്‍ ദ്രൗപദി മുര്‍മുവിനാണ് മുന്‍തൂക്കം. പിന്നോക്ക സമുദായത്തില്‍പ്പെട്ട ഇവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കൂകൂട്ടലും ബിജെപിക്കുണ്ട്. മോഹന്‍ ഭാഗവതിനെ നിര്‍ത്തുന്നതിനോട് എന്‍ഡിഎ ചില ഘടകകക്ഷികള്‍ക്ക് യോജിപ്പില്ല.