81 വര്‍ഷം പഴക്കമുള്ള മുസ്‍ലിം വ്യക്തിനിയമമായ ശരി അത്തിന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ചട്ടം രൂപീകരിച്ചത്. ശരി അത്ത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യേണ്ടവര്‍ താന്‍ മുസ്‍ലിമാണെന്ന സത്യവാങ്മൂലം തഹസീല്‍ദാര്‍ക്ക് നല്‍കണം.

തിരുവനന്തപുരം: മുസ്‍ലിമാണെന്ന് സത്യവാങ്മൂലം നല്‍കിയെങ്കില്‍ മാത്രമേ, ശരി അത്ത് നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കൂവെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മുസ്‍ലിം വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെയാണ് നീക്കം.

81 വര്‍ഷം പഴക്കമുള്ള മുസ്‍ലിം വ്യക്തിനിയമമായ ശരി അത്തിന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ചട്ടം രൂപീകരിച്ചത്. ശരി അത്ത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യേണ്ടവര്‍ താന്‍ മുസ്‍ലിമാണെന്ന സത്യവാങ്മൂലം തഹസീല്‍ദാര്‍ക്ക് നല്‍കണം. അതും 100 രൂപയുടെ മുദ്രപ്പത്രത്തില്‍. വിവാഹം, ഇഷ്ടദാനം, സ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഇത് കൂടിയേ തീരൂ എന്നായിരുന്നു പുതിയ ചട്ടം. 

വേങ്ങര എം.എല്‍.എയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എന്‍.എ. ഖാദറാണ് ഇതിനെതിരെ മുഖ്യമന്ത്രിയെ സമീപിച്ചത്. എല്ലാവരും സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയാണ് ഇതോടെ റദ്ദായത്. പകരം ശരി അത്ത് നിയമം പാലിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതിയെന്ന് ചട്ടം ഭേദഗതി ചെയ്തു.