ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികാരോപണ വിവാദം പരാതിക്കാരനെതിരെ മനനഷ്ടക്കേസ് നൽകാൻ വൈദികരുടെ നീക്കം അന്വേഷിക്കണമെന്ന് വി.എസ്.

തിരുവല്ല: കുമ്പസാര രഹസ്യം വെച്ച് ബ്ലാക്മെയില്‍ ചെയ്ത് കുടുംബിനിയെ പീഡിപ്പിച്ച കേസില്‍ പരാതിക്കാരനെതിരെ മനനഷ്ടക്കേസ് നൽകാൻ വൈദികരുടെ നീക്കം. പൊലീസിൽ മാത്രമേ വൈദികര്‍ക്കെതിരായ തെളിവുകളുടെ അസ്സൽ ഹാജരാക്കൂവെന്ന് ഓര്‍ത്തഡോക്സ് സഭയുടെ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരായ ശേഷം പരാതിക്കാരൻ പറഞ്ഞു. അതിനിടെ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ ഡിജിപിയ്ക്ക് കത്ത് നൽകി.

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന ആരോപണം യുവാവ് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനെതിരെയാണ് വൈദികര്‍ നിയമ നടപടിയിലേക്ക് നീങ്ങുന്നത്. നിയമ വിദഗ്ദ്ധരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നാണ് വിവരം. അതിനിടെ തിരുവല്ലയിലെ നിരണം ഭദ്രാസനത്തിലെത്തി രണ്ടാമതും മൊഴി നൽകിയ പരാതിക്കാരൻ തെളിവുകളുടെ അസ്സൽ പകര്‍പ്പ് ഹാജരാക്കണമെന്ന വൈദികനും രണ്ട് അഭിഭാഷകനും ഉൾപ്പെട്ട അന്വേഷണ കമ്മീഷന്‍റെ ആവശ്യം തള്ളി. 

വൈദികര്‍ ലൈംഗികമായി ഉപയോഗിച്ചുവെന്ന ഭാര്യയുടെ രേഖാമൂലമുള്ള മൊഴി നേരത്തെ അന്വേഷണ സമിതിയ്ക്ക് നൽകിയിരുന്നു. സസ്പെൻഡ് ചെയ്ത മൂന്ന് വൈദികരിൽ നിന്നും പരാതിക്കാരന്‍റെ ഭാര്യയിൽ നിന്നും മൊഴിയെടുത്ത ശേഷം സഭാ നേതൃത്വത്തിന് സമിതി റിപ്പോര്‍ട്ട് നൽകും. തുമ്പമൺ ഭദ്രാസനത്തിലെ അന്വേഷണ സമിതിയ്ക്ക് മുന്നിൽ ഹാജരായ വൈദികൻ ആരോപണം നിഷേധിച്ചു. ഓഗസ്റ്റ് ആദ്യം അന്വേഷണ റിപ്പോര്‍ട്ട് സഭാ നേതൃത്വത്തിന് നൽകാനാണ് തീരുമാനം. അതിനിടെ കേസെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ട വിഎസ് അച്യുതാനന്ദൻ പരാതി പൊലീസിന് കൈമാറുകയാണ് ഓര്‍ത്തഡോക്സ് സഭ ചെയ്യേണ്ടതെന്നും വ്യക്തമാക്കി. യുവാവോ ഭാര്യയോ പരാതി നൽകാതെ തത്കാലം അന്വേഷണം വേണ്ടെന്ന നിലപാടിലാണ് പൊലീസ് .