വാഷിംഗ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ മരണത്തിന് മകന്‍ പകരം ചോദിക്കാന്‍ തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തല്‍. അല്‍ ഖായിദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മരണത്തിനു പകരം ചോദിക്കാന്‍ മകന്‍ ഹംസയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായാണ് വെളിപ്പെടുത്തല്‍. മുന്‍ എഫ്ബിഐ ഏജന്റാണ് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

9/11 ഭീകരാക്രമണത്തിന് ശേഷം, ബിന്‍ ലാദനെ കണ്ടെത്താന്‍ രൂപീകരിച്ച അന്വേഷണസംഘത്തിന്റെ തലവനായിരുന്ന എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ യുഎസ് കമാന്‍ഡോകളാണ് വധിച്ചത്.

ലാദന്റെ മകന്‍ ഹംസയ്ക്ക് ഇപ്പോള്‍ 28 വയസുണ്ട്. ആറു വര്‍ഷം മുമ്പെഴുതിയ കത്തുകളില്‍ നിന്നാണ് ഹംസയുടെ അല്‍ ഖായിദയോടുള്ള താത്പര്യം പുറത്തുവന്നത്. ബിന്‍ ലാദനെ കൊലപ്പെടുത്തിയ റെയ്ഡിനിടയില്‍ ഇത് സൂചിപ്പിക്കുന്ന കത്തുകള്‍ ലഭിച്ചെന്ന് ടിവി അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഹംസ പിതാവിന്റെ മരണത്തിനു പ്രതികാരം ചെയ്യാനും അല്‍ ഖായിദയെ മുന്നോട്ട് നയിക്കാനും ആഗ്രഹിച്ചിരുന്നുവെന്നാണ് അലി സൗഹാന്‍ വെളിപ്പെടുത്തി.

ദൈവത്തിനു വേണ്ടിയുള്ള ജിഹാദിന്റെ പാതയിലാണ് ജീവിക്കുന്നതെന്ന് ഹംസ കത്തില്‍ പറയുന്നുണ്ട. ഇത് അടുത്തിടെ പുറത്ത് വന്നിരുന്നു. 
രണ്ടു വര്‍ഷങ്ങള്‍ക്കിടെ നാല് ശബ്ദ സന്ദേശങ്ങളാണ് ഹംസയുടേതായി പുറത്തുവന്നത്. യുഎസ് ജനതയോട് കരുതിയിരിക്കാന്‍ ആവശ്യപ്പെടുന്നതാണ് സന്ദേശങ്ങള്‍. യുഎസ് ചെയ്ത തെറ്റിന് കണക്ക് പറയേണ്ടി വരുമെന്നും ഹംസ മുന്നറിയിപ്പ് നല്‍കുന്നു.