Asianet News MalayalamAsianet News Malayalam

പരവൂരിലേത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അപകടം: കേരളം നടുങ്ങിയ മറ്റ് ദുരന്തങ്ങള്‍

other fire accidents in kerala
Author
First Published Apr 10, 2016, 7:09 AM IST

 

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമാണ് കൊല്ലത്തെ പരവൂരില്‍ നടന്നത്. ശബരിമലയില്‍ 68 പേര്‍ മരിച്ചതായിരുന്നു ഇതിനുമുമ്പുണ്ടായ വലിയ ദുരന്തം. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കേരളത്തിലുണ്ടായ 750 അപകടങ്ങളില്‍  600 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1952, ജനുവരി 14ന് പകല്‍ മൂന്ന് മണിക്കായിരുന്നു ശബരിമലയിലെ വെടിക്കെട്ട് ദുരന്തം. അന്ന് 68 പേര്‍ മരിച്ചു. അതിന് ശേഷം 2013 വരെ നടന്ന അപകടങ്ങളില്‍ 300 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു, പലരും ജീവച്ഛവമായി. എന്നിട്ടും ദുരന്തങ്ങള്‍ അവസാനിച്ചില്ല. കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. 

പൂരപ്രേമികളുടെ നാടായ തൃശൂരിലും അയല്‍ ജില്ലയായ പാലക്കാടുമായിരുന്നു ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മൂന്ന് തവണ  വെടിക്കെട്ടപകടങ്ങളുണ്ടായി. 1978ല്‍ എട്ട് പേരും 2006ല്‍ ഒന്‍പത് പേരും  2012ല്‍ ആറ് പേരും മരിച്ചു. തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് രണ്ട് തവണകളിലായി നടന്ന അപകടങ്ങളില്‍ 32 പേര്‍ മരിച്ചു. 1987ല്‍  തലശ്ശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 27 പേര്‍ മരിച്ചത് നാടിനെ നടുക്കിയ മറ്റൊരു ദുരന്തമായിരുന്നു. അപകടത്തിന്റെ കാര്യത്തില്‍ പാലക്കാടും പിന്നോക്കമായിരുന്നില്ല. നാല് വലിയ അപടകടങ്ങളിലായി 42 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
 
2012ല്‍ പാലക്കാട് ത്രാങ്ങാലിയില്‍ പടക്ക നിര്‍മ്മാണ ശാലക്ക് തീപിടിച്ചപ്പോള്‍ സമീപത്ത് കൂടി കടന്നു പോയ ട്രെയിനില്‍ യാത്ര ചെയ്തിരുന്നയാള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. വലുതും ചെറുതുമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മാത്രം പതിനാല് ജില്ലകളിലായി നടന്ന 213 അപകടങ്ങളുണ്ടായി.  451 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ കാലയളവില്‍ എറണാകുളത്താണ് ഏറ്റവുമധികം പേര്‍ മരിച്ചത് 81 പേര്‍. ഇവയിലേറേയും അനാസ്ഥയുടേയും അശ്രദ്ധയുടേയും ഭാഗമായി മാത്രം സംഭവിച്ചപ്പോള്‍ നോക്കുകുത്തികളായി തുടരുന്ന ഭരണകൂടത്തിന് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. 

Follow Us:
Download App:
  • android
  • ios