കൈലാസ് തീർഥാടകരെ രക്ഷിക്കാനുള്ള ശ്രമം വൈകുന്നു, സൗകര്യങ്ങളൊരുക്കിയെന്ന് കേന്ദ്രം
ദില്ലി: മോശം കാലാവസ്ഥ കാരണം നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന കൈലാസ് മാനസ സരോവര്‍ തീര്‍ഥാടകരെ രക്ഷിക്കാനുള്ള ശ്രമം വൈകുന്നു . 40 മലയാളികള്‍ അടക്കം 1575 പേരാണ് കുടുങ്ങിക്കിടക്കുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് നേപ്പാള്‍ സൈനിക ഹെലികോപ്ടറുകളുടെ സഹായം തേടിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം വൈകുമെങ്കിലും കുടുങ്ങിക്കിടക്കുന്നവരെല്ലാം സുരക്ഷിതരാണെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത് . കനത്ത മഴയെതുടര്‍ന്നാണ് തീര്‍ഥാകടര്‍ നേപ്പാള്‍ ചൈന അതിര്‍ത്തിയിൽ കുടുങ്ങിയത്. ചൈന അതിര്‍ത്തിയിലെ ഹിൽസയിൽ 36 മലയാളികള്‍ അടക്കം 550 പേരാണ് കുടുങ്ങിയത് .
സിമിക്കോട്ടിൽ നാല് മലയാളികള്‍ അടക്കം 525 പേരും ടിബറ്റന്‍ അതിര്‍ത്തിയിൽ 500 പേരും കുടുങ്ങി. ശരീരത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് മലപ്പുറം സ്വദേശി ലീല മഹേന്ദ്രനാരായണൻ മരിച്ചത് . മൃതദേഹം സിമിക്കോട്ട് വിമാനത്താവളത്തിലാണ്.
നേപ്പാളിലെ ഇന്ത്യൻ എംബസി പ്രതിനിധിള്‍ക്ക് തീര്‍ഥാടകരെ ബന്ധപ്പെടാനായെന്ന് വിദേശ കാര്യമന്ത്രാലയം പറയുന്നു . മരുന്നും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കി സിമിക്കോട്ടിലും നേപ്പാള്‍ ഗഞ്ചിലും എംബസി പ്രതിനിധികള്‍ തീര്‍ഥാടകരെ സഹായിക്കാനുണ്ട്. ഹിൽസയിൽ സഹായമെത്തിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോൻസ് കണ്ണന്താനം അറിയിച്ചു.
തീര്‍ഥാടകരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് അറിയാൻ ഹോട്ട് ലൈനും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മലയാളികളെക്കുറിച്ചുളള വിവരം അറിയാൻ 977- 9808500644 എന്ന നന്പരിലേയ്ക്ക് വിളിക്കാം. നേപ്പാളിലെ ഇന്ത്യൻ എംബസിയും നേപ്പാള്‍ സര്‍ക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും രക്ഷാകരങ്ങൾ ഇനിയും തേടിയെത്തിയിട്ടില്ലെന്നാണ് നേപ്പാളിൽ കുടുങ്ങിയ മലയാളികളില്‍ നിന്ന് ബന്ധുക്കൾക്ക് കിട്ടുന്ന വിവരം. രക്ഷാപ്രവര്‍ത്തനം വൈകുമ്പോള്‍ പലരുടെയും ആരോഗ്യാവസ്ഥയില്‍ മക്കളും ബന്ധുക്കളും ആശങ്കപ്പെടുകയാണ്.
കൈലാസ മാനസരോവര്‍ സന്ദര്‍ശനത്തിനായി ഇക്കഴിഞ്ഞ 21നാണ് കോഴിക്കോട് കക്കോടി പാലത്ത് സ്വദേശികളായ ചന്ദ്രന്‍ നമ്പീശനും, ഭാര്യ വനജാക്ഷിയും സംബോധ് ഫൗണ്ടേഷന്‍ മുഖേനെ പുറപ്പെട്ടത്. മുപ്പതിന് തിരികെ എത്താനായിരുന്നു തീരുമാനമെങ്കിലും, മോശം കാലാവസ്ഥ വഴിമുടക്കി. സിമികോട്ടില്‍ കുടങ്ങിയ ഇരുവരുടെയും ആരോഗ്യനിലയില്‍ ആശങ്കയിലാണ് മകന്‍ വിപിന്‍.
സിമികോട്ട് എയര്‍സ്ട്രിപിന് സമീപമുള്ള ക്യാമ്പില്‍ ഇവരടക്കം നാല് മലയാളികളാണ് ഉള്ളത്. കാലാവസ്ഥ ഓരോ ദിവസം കഴിയും തോറും മോശമാവുകയാണെന്നാണ് അവിടെ നിന്നുള്ള വിവരം. ഫോണ്‍ ബന്ധവും ഇപ്പോള്‍ തകരാറിലാണ്. ആശങ്കപ്പെടേണ്ടെന്ന വാര്‍ത്തകളല്ലാതെ ഒരു സമാശ്വാസവും അവരെ തേടിയെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ബന്ധുക്കള്‍ക്കും സമാധാനമില്ല. സിമികോട്ടിലും, ഹില്‍സയിലുമായി നാല്‍പത് മലയാളികളാണ് കുടുങ്ങികിടക്കുന്നത്.
