ബാങ്ക് വായ്പാ തട്ടിപ്പുകൾ കൂടുന്നു 5 വര്‍ഷത്തിനിടയിൽ ഒരു ലക്ഷം കോടി രൂപയുടെ തട്ടിപ്പ് 23,866 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു കണക്ക് പുറത്ത് വിട്ട് ആര്‍ബിഐ നിഷ്ക്രിയ ആസ്തികളും കൂടുന്നു
ദില്ലി: രാജ്യത്ത് അഞ്ച് വര്ഷത്തിനിടയിൽ ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടന്നെന്ന് റിസര്വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ ബാങ്കുകളിലായി 23,866 തട്ടിപ്പ് കേസുകൾ റിപ്പോര്ട്ട് ചെയ്തെന്നും ആര്ബിഐ വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ബാങ്ക് വായ്പ തട്ടിപ്പിന്റെ കണക്ക് റിസര്വ്വ് ബാങ്ക് പുറത്തുവിട്ടത്. 2013 മുതൽ ഈ വർഷം മാര്ച്ച് ഒന്നുവരെ ഒരു ലക്ഷത്തി 718 കോടി രൂപയുടെ വായ്പ തട്ടിപ്പ് റിപ്പോര്ട്ട് ചെയ്തു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് നീരവ് മോദി തട്ടിയ 13,000 കോടി രൂപയും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വര്ഷം ഏപ്രിൽ മുതൽ ഈ വര്ഷം മാര്ച്ച് ഒന്നുവരെ മാത്രം 5,152 ബാങ്ക് വായ്പ തട്ടിപ്പുകൾ റിപ്പോര്ട്ട് ചെയ്തു. ഈ കാലയളവിൽ മാത്രം നടന്നത് 28,459 കോടി രൂപയുടെ തട്ടിപ്പ്. 2016-17ൽ 5076 കേസുകളിലായി 23,933 കോടി രൂപയുടെ തട്ടിപ്പ് നടന്നു.
വര്ഷം തോറും വായ്പ തട്ടിപ്പുകേസുകൾ കൂടുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തട്ടിപ്പുകേസുകളിൽ വസ്തുതകൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ആര്ബിഐ അറിയിച്ചു. 2017 ഡിസംബര് വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഉൾപ്പെടെയുള്ള നിഷ്ക്രിയ ആസ്തി എട്ട് ലക്ഷത്തി നാൽപ്പതിനായിരത്തി 958 കോടി രൂപയാണെന്നാണ് എന്നാണ് സർക്കാർ കണക്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാത്രം രണ്ട് ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി അറുപത് കോടി രൂപയുടെ നിഷ്ക്രിയ ആസ്തികളുണ്ട്.
