കേരളത്തിലെ ജനങ്ങൾ പിന്തിരിപ്പൻ കക്ഷികളെ ചെറുത്ത് തോല്പിക്കണം. കേരളത്തിൽ അക്രമം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ പിന്തുണയ്ക്കുന്നുവെന്നും പിബി 

ദില്ലി: കേരള സര്‍ക്കാരിന് വലിച്ച് താഴെയിടുമെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. സർക്കാരിനെ താഴെയിടുമെന്ന പ്രസ്താവന ഏകാധിപത്യത്തിന്‍റെയും ജനാധിപത്യ വിരുദ്ധ നയത്തിൻറെയും പ്രകടനമാണ്. കേരളത്തിലെ ജനങ്ങൾ പിന്തിരിപ്പൻ കക്ഷികളെ ചെറുത്ത് തോല്പിക്കണം. കേരളത്തിൽ അക്രമം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ പിന്തുണയ്ക്കുന്നുവെന്നും പിബി വ്യക്തമാക്കി. 

അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നാണ് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ ഭീഷണി മുഴക്കിയത്. കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അമിത്ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഞ്ഞടിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും അമിത്ഷായുടെ വാക്കുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.