ഇരയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എയുടെ നടപടി ലജ്ജിപ്പിക്കുന്നവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ.  അതേസമയം പരാമര്‍ശം ഞെട്ടിപ്പിക്കുന്നുവെന്ന് സിപിഎം പിബി അംഗം സുബാഷിണി അലിയും പറഞ്ഞു.

ദില്ലി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധം. എംഎല്‍എക്കെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് ദേശീയ വനിത കമ്മീഷന്‍റെ നിര്‍ദേശം. ജോർജിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള സാധ്യത പരിശോധിക്കാൻ ഡിജിപി നിർദേശം നൽകി. വാർത്താസമ്മേളനത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിക്കാൻ കോട്ടയം എസ്പിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇരയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എയുടെ നടപടി ലജ്ജിപ്പിക്കുന്നവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പരാമര്‍ശം ഞെട്ടിപ്പിക്കുന്നുവെന്ന് സിപിഎം പിബി അംഗം സുബാഷിണി അലിയും പറഞ്ഞു. ദേശീയ മാധ്യമങ്ങളടക്കം പി.സി ജോര്‍ജിനെതിരായ പ്രതിഷേധം പ്രാധാന്യത്തോടെ ചര്‍ച്ചയാക്കി. പ്രമുഖരടക്കം സമൂഹ മാധ്യമങ്ങളില്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ്. 

"പി സി ജോര്‍ജിനെ പോലുള്ള നിയമസഭാ സാമാജികര്‍ അപമാനകരമാണെന്നും, കർശനമായ നടപടി എടുക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. സ്ത്രീകളെ സഹായിക്കുന്നതിനുപകരം ഇത്തരം പ്രസ്താവനകൾ ഇറക്കുന്ന നിയമസഭാ സാമാജികരെ ഒാർത്ത് ലജ്ജ തോന്നുന്നു. ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തെഴുതുമെന്നും" രേഖാ ശര്‍മ വ്യക്തമാക്കി. 

അതേസമയം പരാതി നല്‍കിയ കന്യാസ്ത്രീയെ താൻ സന്ദർശിച്ചിരുന്നുവെന്ന് രേഖാ ശര്‍മ പറഞ്ഞു. തനിക്ക് നീതി ലഭിക്കണമെന്ന ആവശ്യമാണ് കന്യാസ്ത്രീ ഉന്നയിച്ചത്. ബിഷപ്പിനെതിരെ പരാതി നൽകിയതിനാൽ അവർക്ക് ലഭിക്കേണ്ട റേഷൻ, സ്റ്റൈപ്പന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചിരിക്കുകയാണെന്നും ശര്‍മ കൂട്ടിച്ചേർത്തു.

കന്യാസ്ത്രീക്കെതിരായ പി സി ജോർജിന്റെ പരാമർശത്തില്‍ പ്രതിഷേധം ശക്തമാണ്. ഒരു പൊതുപ്രവർത്തകൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് വളരെ ലജ്ജാവാഹമാണെന്നും ജോർജിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മിന്റെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രസിഡണ്ട് സുഭാഷിനി അലി രം​ഗത്തെത്തിയിരുന്നു.