ദില്ലി: ഗുലാം നബി ആസാദിനു പകരം പി ചിദംബരത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാക്കിയേക്കും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ചുമതല ഗുലാംനബി ആസാദിനു നല്‍കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനുള്ളില്‍ രാജ്യസഭയിലെ നേതൃമാറ്റം ചര്‍ച്ചയാവുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് രാജ്യസഭയാണ്. സര്‍ക്കാരിനു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ തട്ടിയാണ് പല ബില്ലുകളും മുടങ്ങിയത്. എന്നാല്‍ പല വിഷയങ്ങളിലും കോണ്‍ഗ്രസിന്റ നിലപാടിന് മൂര്‍ച്ച കുറവായിരുന്നു എന്നാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട്.

പൊതുവെ മൃദുഭാഷിയായ ഗുലാംനബി ആസാദിന് സഭാ നേതാവ് അരുണ്‍ ജയ്‌റ്റ്‌ലിയോട് പൊരുതി നില്‍ക്കാനാവുന്നില്ലെന്ന വിലയിരുത്തലുണ്ട്. ഗുലാം നബി ആസാദിന് സോണിയാ ഗാന്ധി ഏറെ നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശിന്റെ ചുമതല കഴിഞ്ഞ ദിവസം നല്‍കി. അടുത്തവര്‍ഷം ഏപ്രിലില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഉത്തര്‍പ്രദേശില്‍ മുഴുവന്‍സമയ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ മഹാരാഷ്‌ട്രയില്‍ നിന്ന് രാജ്യസഭയിലെത്തുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ പേര് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സജീവമാകുകയാണ്.

മാത്രമല്ല അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യസഭയില്‍ അംഗബലത്തില്‍ എന്‍ഡിഎ മുന്നിലെത്തിയിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും കുടുംബത്തെയും വ്യക്തിപരമായി ആക്രമിക്കുന്ന ശൈലിയാണ് അടുത്തിടെ രാജ്യസഭയില്‍ വീണ്ടും അംഗമായ സുബ്രമണ്യന്‍ സ്വാമി തുടക്കത്തില്‍ തന്നെ സ്വീകരിച്ചത്. പി ചിദംബരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് കൊണ്ടു വരുന്നത് നെഹ്റു കുടുംബത്തിനെതിരെയുള്ള ആക്രമണം പ്രതിരോധിക്കാന്‍ സഹായകരമാകും എന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ട്.