കല്‍പ്പറ്റ: സി.പി.ഐ.എം വയനാട് ജില്ലാകമ്മിറ്റി വി.എസ് പക്ഷത്തിന് നഷ്‌ടമായി. ഔദ്യോഗിക പക്ഷത്തെ പി ഗഗാറിനാണ് പുതിയ ജില്ലാ സെക്രട്ടറി. ജില്ലാ കമ്മറ്റിയില്‍ പുതുതായെത്തിയ മൂന്ന് പേരും ഔദ്യോഗിക പക്ഷക്കാരാണ്. 

വി.എസ് പക്ഷത്തിന് സംസ്ഥാനത്ത് സ്വാധീനമുണ്ടായിരുന്ന ഒരേയൊരു ജില്ലാ കമ്മിറ്റിയായിരുന്നു വയനാട്. ഇനി വയനാടും ഔദ്ദ്യോഗിക പക്ഷത്തിനൊപ്പം. 26 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മിറ്റിയില്‍ 16 പേരും ഔദ്ദ്യോഗിക പക്ഷക്കാരാണ്. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു അടക്കം പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരും ഔദ്ദ്യോഗിക പക്ഷക്കാരാണ്. 

പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ സി.കെ ശശീന്ദ്രനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. അവസാന ഘട്ടത്തില്‍ മത്സരത്തിലേക്ക് എത്തിയപ്പോള്‍ സംസ്ഥാന കമ്മിറ്റി ഇടപെട്ട് പി ഗഗാറിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഔദ്ദ്യോഗിക പക്ഷം ആവശ്യപ്പെട്ട മൂന്ന് അംഗങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.