കണ്ണൂര്‍: കുമ്മനം രാജശേഖരന്‍ മട്ടന്നൂരില്‍ നടത്തിയ ഗൂഢാലോചനയാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. 'ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കേസ് എടുക്കണമെന്നും പി ജയരാജന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംഘം ഇന്ന് ഗവര്‍ണറെ കാണും. 11 മണിക്കാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം കണ്ണൂരിലെ മട്ടന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരിട്ടി ഗവെണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബിജെപി ആണ് അക്രമത്തിനു പിറകില്‍ എന്ന് സിപിഎമ്മിന്റെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കണ്ണൂര്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് അക്രമം നടന്നത്.
കഴിഞ്ഞ ആഴ്ച മാലൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നാണ് വിവരം. കഴിഞ്ഞാഴ്ച കതിരൂരില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റിരുന്നു. ആര്‍എസ്എസ് പൊന്ന്യം മണ്ഡല്‍ കാര്യവാഹ് ആണ് പ്രവീണിനാണ് വെട്ടേറ്റത്. അക്രമം രൂക്ഷമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് ബിജെപിയുടെ ആവശ്യം.
