Asianet News MalayalamAsianet News Malayalam

യെച്ചൂരിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസെന്ന് പി ജയരാജന്‍

P jayarajan response to yechuri incident
Author
First Published Jun 7, 2017, 5:10 PM IST

സിപിഐഎമ്മിനെയാണ് ആര്‍ എസ് എസ് മുഖ്യശത്രുവായി കാണുന്നതെന്നാണ് ഈ സംഭവം അടിവരയിട്ട് തെളിയിക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് പി ജയരാജന്‍ ഇക്കാര്യം പറഞ്ഞത്. കോയമ്പത്തൂരില്‍ ചേര്‍ന്ന ആര്‍ എസ് എസിന്റെ അഖിലേന്ത്യ പ്രചാരസഭ, ദേശീയതലത്തില്‍ സിപിഐഎമ്മിനെതിരായ നീക്കം ശക്തമാക്കണമെന്ന് തീരുമാനിച്ചിരുന്നു. കേരളത്തില്‍ സിപിഐഎം വലിയ ബഹുജനസ്വാധീനമുള്ള പാര്‍ട്ടി ആണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായും മറ്റു താരതമ്യം ചെയ്യുമ്പോള്‍, സ്വാധീനത്തില്‍ കുറവുള്ള പാര്‍ട്ടിയാണ് സിപിഐഎം. അത്തരമൊരു പാര്‍ട്ടിക്കെതിരെ ദേശീയതലത്തില്‍ പ്രചരണങ്ങളും അക്രമങ്ങളും നടത്തണമെന്ന ആര്‍ എസ് എസ് തീരുമാനത്തിന്റെ ഫലമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കെതിരെ ആക്രമമുണ്ടായതെന്നും പി ജയരാജന്‍ പറഞ്ഞു.

ഈ സംഭവത്തിലൂടെ സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസിനുപോലും രക്ഷയില്ല എന്നു വരുത്താനാണ് ആര്‍എസ്എസ് ശ്രമം. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇവിടെ പ്രയോഗിക്കുന്നത്. തങ്ങള്‍ക്കെതിരായി പ്രതികരിക്കുന്ന ആളുകളെ ആക്രമിക്കുമെന്ന ഭീഷണിയാണ് ആര്‍എസ്എസ് ഉയര്‍ത്തുന്നത്. ജനാധിപത്യവാദികളായ ആളുകളെപ്പോലും ആര്‍എസ്എസ് പ്രത്യയശാസ്‌ത്രത്തിനെതിരെ പ്രതികരിച്ചുവെന്ന പേരില്‍ വെടിവെച്ചുകൊല്ലുന്ന സംഭവവുമുണ്ടായി. ജനാധിപത്യ വ്യവസ്ഥിതിക്ക് ഏറ്റവും അപകടകാരിയാണ് ആര്‍എസ്എസ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തുനടക്കാന്‍ പോകുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായക പങ്ക് വഹിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന തിരിച്ചറിവ് ആര്‍എസ്എസിനുണ്ട്. ഇത്തരത്തിലുള്ള ഭീഷണിക്ക് മുന്നില്‍ സിപിഐഎം വഴങ്ങില്ല. നേരത്തെ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ മറ്റു സംസ്ഥാനങ്ങളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ആര്‍എസ്എസിന്റെ ഭീഷണി. എന്നാല്‍ അതൊന്നും വിലപ്പോയില്ല. അതുപോലെ ഇപ്പോഴത്തെ ഭീഷണിക്ക് മുന്നിലും സിപിഐഎം മുട്ടുമടക്കാന്‍ പോകുന്നില്ല. ആര്‍എസ്എസിനെതിരായ നിലപാട് ശക്തമായി തുടരുകതന്നെ ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു.

മെംപര്‍ഷിപ്പ് വ്യവസ്ഥയില്ലാത്ത സംഘടനയാണ് ആര്‍എസ്എസ്. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും രഹസ്യമാണ്. ഇന്ത്യയില്‍ പത്തു സംസ്ഥാനങ്ങളിലാണ് ഗോരക്ഷാസേന എന്ന സേനയുടെ ആക്രമണം നടന്നത്. ഗോരക്ഷാസേനയും ആര്‍എസ്എസും തമ്മില്‍ എന്തെങ്കിലും രേഖാപരമായ ബന്ധം നമുക്ക് ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഒരു സ്വകാര്യസേനയായിട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തിച്ചുവരുന്നത്. അത് പ്രച്ഛന്നവേഷമിട്ട ആര്‍എസ്എസ് ആണ് ഗോരക്ഷാസേന. ഇങ്ങനെ പല പേരുകളിലും അവര്‍ പ്രത്യക്ഷപ്പെടും. ഇന്ത്യയില്‍ വര്‍ഗീയകലാപങ്ങള്‍ നടന്ന എല്ലാ സ്ഥലങ്ങളിലും ജുഡീഷ്യല്‍ കമ്മീഷനുകളും ചൂണ്ടിക്കാണിച്ചിട്ടുള്ളത്, ഇത്തരം പല പേരുകളും ആര്‍എസ്എസ് ഉണ്ടെന്നതാണ്. സഖാവ് സീതാറാം യെച്ചൂരിക്കെതിരെ ഇത്തരമൊരു ആക്രമണത്തിന് തീരുമാനമെടുത്തത് ആര്‍എസ്എസ് ആണ്. മുന്‍കാല അനുഭവത്തിന്റെ പേരില്‍ അത് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെപ്പോലെയുള്ള പാര്‍ട്ടികള്‍ സംഘപരിവാരത്തിന്റെ ഭീഷണിക്ക് മുന്നില്‍ ഉറച്ച നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തില്‍ സിപിഐഎമ്മിനെ പോലെയുള്ള ഇടതുപാര്‍ട്ടികള്‍ മാത്രമാണ് ഉറച്ച നിലപാട് സ്വീകരിക്കുന്നത്. അതിന്റെ ഫലമായാണ് സിപിഐഎം ജനറല്‍സെക്രട്ടറിയെത്തന്നെ ആക്രമിക്കാന്‍ ശ്രമം നടത്തിയിട്ടുള്ളത്. ഇത് ജനാധിപത്യസമൂഹം തിരിച്ചറിയും. ആര്‍എസ്എസിനെതിരായ ചെറുത്തുനില്‍പ്പ് കൂടുതല്‍ ശക്തിപ്പെടുത്തണം. എല്ലാ വിഭാഗം ജനങ്ങളെയും അതിന്റെ ഭാഗമായി അണിനിരത്തണം എന്നതാണ് ഈ ഒടുവിലത്തെ സംഭവവും തെളിയിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios