കണ്ണൂര്‍: കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ സാംസ്കാരിക ഘോഷയാത്രയിൽ കൃഷ്ണ-ബലരാമ വേഷങ്ങളാവിഷ്കരിക്കുന്ന തിടമ്പു നൃത്തം അവതരിപ്പിച്ചതിൽ ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ. സംഭവം ക്ഷേത്രകലകളെ അവഹേളിച്ചതല്ലെന്നും ഇത്തരം കലാരൂപങ്ങൾ തെരുവിലവതരിപ്പിക്കാൻ ആര് തയാറായാലും അവസരം നൽകുമെന്നും ജയരാജൻ പറഞ്ഞു. ഈ രീതി തുടരുമെന്നും ഇക്കാര്യത്തിൽ എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നുമാണ് ജയാരജന്റെ പ്രതികരണം.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച സാസ്‍കാരിക ഘോഷയാത്രയിലാണ് തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവ ചടങ്ങായ തിടമ്പ് നൃത്തത്തെ ഉൾപ്പെടുത്തിയത്. തുടര്‍ന്ന് ക്ഷേത്രാചാരത്തെ തെരുവിലിറക്കിയെന്നും അവഹേളിച്ചുവെന്നും ആർ.എസ്.എസ്-ബിജെപി കൂട്ടായ്മകൾ വ്യാപക പ്രചാരണമാണ് അഴിച്ച് വിട്ടത്.
വിശ്വാസപരമായ ആഘോഷങ്ങളെച്ചൊല്ലി സിപിഎമ്മും ആർ.എസ്.എസും കൊമ്പ് കോർത്തിരിക്കെ സെപ്തംബറിൽ ഗണേശോത്സവമടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ ഇതിനോടുള്ള ജയരാജന്റെ പ്രതികരണം പ്രസക്തമാണ്.
ശ്രീനാരായണ ഗുരുവിന്റെ നമുക്കു ജാതിയില്ല വിളംബര വാർഷികാഘോഷത്തോടൊപ്പം 28ന് അയ്യങ്കാളി ജയന്തിയും വർഗീയ വിരുദ്ധ ക്യാംപയിന്റെ ഭാഗമായി സിപിഎം ആചരിക്കുന്നുണ്ട്. ഇതോടൊപ്പം ഗണേശോത്സവമെത്തുന്ന സെപ്തംബറിൽ ഓണാഘോഷങ്ങളും സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. കഴിഞ്ഞ ഗണേശോത്സവത്തിൽ അമ്പാടിമുക്കിൽ നിന്നുള്ള സിപിഎം പ്രവർത്തകർ ചുവന്ന ഗണേശ വിഗ്രഹമൊരുക്കിയത് വലിയ വാർത്തയായിരുന്നു.
