അണികളുടെ വികാരത്തെ ലീഗ് ഗൗരവത്തോടെ കാണുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. എല്ലാ ജനപ്രതിനിധികൾക്കും ഇതൊരു പാഠമാണെന്നും സാദിഖലി തങ്ങള്‍
മലപ്പുറം: മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടു നിന്ന സംഭവത്തില്‍ പ്രതികരണവുമായി സാദിഖലി തങ്ങൾ. ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം പാർട്ടിയിലും അണികളിലും അതൃപ്തിയുണ്ടാക്കി. അണികളുടെ വികാരത്തെ ലീഗ് ഗൗരവത്തോടെ കാണുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. എല്ലാ ജനപ്രതിനിധികൾക്കും ഇതൊരു പാഠമാണെന്നും സാദിഖലി തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജനപ്രതിനിധികൾ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തരുത്. പാർടി താൽപര്യത്തിനും രാജ്യ താൽപര്യത്തിനും ഇത് എതിരാണ്. ആവർത്തിക്കാതിരിക്കാൻ നിലപാടുകളും മുന്നറിയിപ്പുകളുമുണ്ടാകും. പാർട്ടിയെന്ന നിലയിൽ ലീഗ് ലോക്സഭയിൽ കടമ നിർവഹിച്ചു. ഇ ടി മുഹമ്മദ് ബഷീർ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തതിലൂടെ പാർടി ഉത്തരവാദിത്വം നിർവഹിച്ചു.
കുഞ്ഞാലിക്കുട്ടി പാർട്ടിക്ക് വിധേനയായി തന്നെയാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെ ലീഗ് അംഗീകരിക്കുന്നു. കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ തുടരണമെന്നാണ് പാർടി നിലപാട്. നിലവിലെ ആശയക്കുഴപ്പത്തിൽ കുഞ്ഞാലിക്കുട്ടി, ശിഹാബ് തങ്ങളെ കണ്ട് വിശദീകരിക്കുമെന്നാണ് കരുതുന്നത്. അതോടെ വിവാദങ്ങൾ അവസാനിക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.
