മലപ്പുറം: ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് നടത്തിയ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയം. യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി 1,71038 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിനെ തോല്‍പ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി 515330 വോട്ടു നേടിയപ്പോള്‍ എം ബി ഫൈസല്‍ 344307 വോട്ടുകള്‍ നേടി. ബി ജെ പി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് 65675 വോട്ടുകള്‍ നേടി. നോട്ടയില്‍ 4098 വോട്ടാണ് വീണത്. കുഞ്ഞാലിക്കുട്ടിയുടെ അപരന് 720 വോട്ട് ലഭിച്ചപ്പോള്‍ ഫൈസലിന്റെ അപരന് 1698 വോട്ടുകളാണ് ലഭിച്ചത്.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ഏഴു നിയമസഭാ മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം നേടാന്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് സ്വന്തം മണ്ഡലമായ വേങ്ങരയില്‍നിന്നാണ്. വേങ്ങരയില്‍ 40000ല്‍ ഏറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. മലപ്പുറത്തുനിന്ന് 33000ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. കൊണ്ടോട്ടിയില്‍ 26000, മഞ്ചേരിയില്‍ 22000, മങ്കട 19000, വള്ളിക്കുന്ന് 20000 എന്നിങ്ങനെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍, എല്‍ഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിച്ച പെരിന്തല്‍മണ്ണയില്‍ മാത്രമാണ് കുഞ്ഞാലിക്കുട്ടിക്ക് പതിനായിരത്തിലേക്ക് എത്താനാകാതെ പോയത്. പെരിന്തല്‍മണ്ണയില്‍ 8527 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്.