മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി ചേര്‍ന്ന മുസ്‌ളിം ലീഗ് പ്രവര്‍ത്തകസമിതി, പാര്‍ലമെന്ററി ബോര്‍ഡു യോഗങ്ങള്‍ക്ക് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാന രാഷ‌്‌ട്രീയത്തിലും യു ഡി എഫ് നേതൃത്വത്തിലും കുഞ്ഞാലിക്കുട്ടി തുടരും. ഏകകണ്‌ഠമായാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വ കാര്യത്തില്‍ തീരുമാനമെടുത്തത്. ഈ മാസം 20ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ 12നാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്.

ഇ അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റു പല പേരുകള്‍ അണികള്‍ക്കിടയില്‍ ചര്‍ച്ചയായെങ്കിലും കുഞ്ഞാലിക്കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തുടക്കം മുതലേ നേതൃത്വം താല്‍പര്യപ്പെട്ടത്.

നിരവധി പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 1.94 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ഇ. അഹമ്മദ് ഇവിടെ നിന്നും ജയിച്ചുകയറിയത്.