പീഡനാരോപണത്തില്‍ പി.കെ ശശിക്ക് എം.എല്‍.എ ആയതിനാല്‍ പ്രത്യേക പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.എം.എൽ.എ ആയതിനാൽ പരിഗണന ലഭിക്കുമെന്ന് ചിലർ കരുതുന്നുണ്ടാവും എന്നാല്‍ അത് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം:പി.കെ ശശിക്കെതിരായ ആരോപണത്തില്‍ എം.എൽ.എ എന്ന പരിഗണന ലഭിക്കില്ലെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. എം.എൽ.എ ആയതിനാൽ പരിഗണന ലഭിക്കുമെന്ന് ചിലർ കരുതുന്നുണ്ടാവും എന്നാല്‍ അത് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.കെ ശശിക്കെതിരായി ഡിവൈഎഫ്ഐ നേതാവായ യുവതി നല്‍കിയ പരാതി പാര്‍ട്ടി ഗൗരവമായി പിഗണിക്കുമെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രി എ.കെ ബാലന്‍ ഇന്നലെ പറഞ്ഞിരുന്നു. കെ.പി.ശശിക്കെതിരായ പരാതി കിട്ടിയ ഉടൻതന്നെ ഇടപെട്ടിരുന്നെന്നും എംഎല്‍എയോട് വിശദീകരണം തേടിയിരുന്നതായും സിപിഎം സംസ്ഥാന സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിങ്ങൾ പറയുന്ന പരാതിയെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെയൊരു പരാതിയെക്കുറിച്ച് പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു ശശി നേരത്തേ പ്രതികരിച്ചത്. നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു എന്ന നിലപാട് സിപിഎം എടുത്തതോടെ ശശിയുടെ വാദം പൊളിഞ്ഞിരുന്നു.