തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇ എംഡി സ്ഥാനത്ത് നിന്ന് സിപിഐ എം നേതാവ് പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിനെ ഒഴിവാക്കി. എം ബീനയ്ക്ക് പകരം ചുമതല നൽകി. സുധീറിനെ നിയമിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് നടപടി.
സിപിഎം നേതാക്കളുടെ മക്കളെയും ബന്ധുക്കളെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചത് വന്‍വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ മാസം രണ്ടാം തിയ്യതിയാണ് പി.കെ. സുധീറിനെ കെഎസ്ഐഇ എംഡിയായി നിയമിച്ചത്. കഴിഞ്ഞമാസമാണ് ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി നിഷാന്തിന് കേരള ക്ലേസ് ആന്‍ഡ് സെറാമിക്സ് ജനറൽ മാനേജറാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതി തടയാൻ എംഡിമാരെ നിശ്ചയിക്കാൻ വ്യവസായ വകുപ്പിന് കീഴിലെ റിയാബ് പ്രത്യേക വിജ്ഞാപനം ഇറക്കിയിരുന്നു. എംബിഎ അല്ലെങ്കിൽ ബി-ടെക് , 15 വർഷത്തെ സർക്കാർ സർവ്വീസ് അതിൽ തന്നെ 5 വർഷം മേലധികാരിയാകണം എന്നിവയായിരുന്നു എംഡിയാകാനുള്ള യോഗ്യത.
എന്നാല്‍ റിയാബ് അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടിക മറികടന്നായിരുന്നു സുധീറിന്റെ നിയമനം. റിയാബ് നിശ്ചയിച്ച യോഗ്യതയില്ലാത്ത സുധീർ അഭിമുഖത്തിലും പങ്കെടുത്തില്ല. നിയമനത്തെ കുറിച്ച് ഇപി ജയരാജനോട് ചോദിക്കണമെന്നായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം. ബന്ധുക്കളെ പലയിടത്തും നിയമിച്ചിട്ടുണ്ടാകാമെന്നായിരുന്നു ജയരാജന്റെ വിശദീകരണം.
ആനത്തലവട്ടം ആനന്ദന്റെ മകൻ, കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ, ഇ.കെ. നായനാരുടെ ചെറുമകൻ എന്നിവരെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചിട്ടുണ്ട്.
