കൈമാറുന്നത് എൻഡോസൽഫാൻ പാക്കേജിൽ ഉൾപ്പെടുത്തിയ ആശുപത്രി ആശുപത്രിക്ക് സ്ഥലം വിട്ട് നല്‍കിയത് നാട്ടുകാര്‍
കാസർകോട്: കാസർകോട് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ അനുവദിച്ച ഗവ. കോളേജന്റെ പ്രാരംഭ നടപടികൾ വിശദീകരിക്കാൻ വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പി. കരുണാകരന് എംപി. നാട്ടുകാരുടെ ദാനഭൂമിയിൽ പാവപ്പെട്ട കിടപ്പുരോഗികൾക്കായി നിർമ്മിച്ച ആശുപത്രി കെട്ടിടം സി.പി.എം.ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് കോളേജിന് വിട്ടുനൽകുന്നുന്നത് എന്തിനാണെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് എം .പി.യെ ചൊടിപ്പിച്ചത്. തന്റെ രാഷ്ട്രീയ പാരമ്പര്യം എന്താണെന്ന് അറിയുമോ എന്ന് ചോദിച്ചാണ് എംപി മാധ്യമ പ്രവര്ത്തകരോട് കയര്ത്തത്.
കേന്ദ്ര സർവ്വകലാശാല വരുമെന്ന് പ്രതീക്ഷിച്ച കരിന്തളത്ത് തന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഗവണ്മെന്റ് കോളേജ് പാലിയേറ്റിവ് കെയർ ആശുപത്രിയുടെ പേരിൽ ഇല്ലാതാക്കാൻ നോക്കേണ്ടെന്നും ചിലരുടെ താൽപ്പര്യം എന്താണെന്നു മനസിലാകുന്നുണ്ടെന്നും മാധ്യമപ്രവർത്തകർ ആവേശം കൊള്ളേണ്ട എന്നും പി.കരുണാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കാസർകോട് നടന്ന എൻഡോസൾഫാൻ സെൽയോഗത്തിൽ ചർച്ചയായ വിഷയമാണ് എം.പി.ക്ക് മുന്നിൽ മാധ്യമ പ്രവർത്തകർ സൂചിപ്പിച്ചത്.
എൻഡോസൽഫാൻ പാക്കേജിൽ ഉൾപ്പെടുത്തി നബാർഡിന്റെ ധനസഹായത്തോടെ നാട്ടുകാരുടെ ദാനഭൂമിയിൽ നിർമ്മാണം പൂർത്തിയായ പാലിയേറ്റിവ് കെയർ ആശുപത്രി ജില്ലയിലെ പാവപ്പെട്ട രോഗികൾക്ക് അടിയന്തിരമായി തുറന്ന് കൊടുക്കണമെന്നും കെട്ടിടം കോളേജിന് കൈമാറരുതെന്നുമായിരുന്നു സെൽയോഗത്തിലെ ആവശ്യം. എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തിയാണ് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ തോളേനിയിൽ ഒന്നരക്കോടിയോളം രൂപ ചിലവിൽ ആധുനിക രീതിയിലുള്ള ആശുപത്രി കെട്ടിടം നിമ്മിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മെമ്പർമാരുള്ള കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റിക്കുവേണ്ടിയായിരുന്നു ഇത്. എന്നാൽ ഈ സാമ്പത്തികവർഷം അനുവദിച്ച സയൻസ് കോളേജിന് ഗ്രാമപഞ്ചായത്ത് താത്കാലികമായി ഈകെട്ടിടം കൈമാറാൻ തീരുമാനിക്കുകയായിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരെയും അത്യാസന്ന നിലയിലായ ക്യാൻസർ രോഗികളടക്കമുള്ളവരെയും കിടത്തി ചികിൽസിക്കാനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കരിന്തളത്ത് ആധുനിക സൗകര്യങ്ങളോടുള്ള ആശുപത്രി കെട്ടിടം നിർമ്മിച്ചത്.
ആദ്യം നാട്ടുകാർ മുൻകൈയെടുത്തു പ്രവർത്തനം തുടങ്ങിയ പാലിയേറ്റിവ് കെയറിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ആളുകൾ സൗജന്യമായാണ് സ്ഥലം നൽകിയത്. തോളേനി മുത്തപ്പൻ ക്ഷേത്രത്തിനടുത്തു 90സെന്റ് സ്ഥലമാണ് പാലിയേറ്റിവിനുള്ളത്. സ്ഥലം ലഭിച്ചതോടെ കെട്ടിടം പണിയാൻ കമ്മറ്റി ഭാരവാഹികൾ നബാർഡിന്റെ സാമ്പത്തിക സഹായം തേടിയിരുന്നു. എന്നാൽ സര്ക്കാരിന്റെയോ പഞ്ചായത്തിന്റെയോ സ്ഥാപനങ്ങള്ക്ക് മാത്രമേ നബാർഡ് സാമ്പത്തിക വായ്പ്പ ലഭിക്കുകയുള്ളു എന്നതിനാൽ പാലിയേറ്റിവ് കെയറിന് വേണ്ടി വാങ്ങിയ സ്ഥലം പാലിയേറ്റിവ് കെയർ സൊസൈറ്റി പഞ്ചായത്തിന് കൈമാറുകയായിരുന്നു.
സ്ഥലം പഞ്ചായത്തിന് കൈമാറിയതോടെയാണ് നബാർഡ് ആശുപത്രി കെട്ടിടം നിർമ്മിക്കാൻ സാമ്പത്തികവായ്പ്പ അനുവദിച്ചത്. 1,25,കോടിരൂപയാണ് കെട്ടിടം പണിക്കായി നബാർഡ് നൽകിയത്. പതിനാറ് മുറികളുള്ള ഇരുനില കെട്ടിടമാണ് പാലിയേറ്റിവ് ആശുപത്രിക്കായി നിർമ്മിച്ചത്. പാർട്ടി ഗ്രാമമെന്നു വിശേഷിപ്പിക്കുന്ന കരിന്തളത്ത് പി.കരുണാകരൻ എം.പി.മുൻകൈ എടുത്താണ് കോളേജ് കൊണ്ടുവരുന്നത്. ആശുപത്രി കെട്ടിടം കോളേജിന് മാറ്റി നൽകിയാൽ പ്രധിഷേധം ഉണ്ടാകാനിടയില്ല എന്നതിനാലാണ് പാർട്ടി ഭരിക്കുന്ന പഞ്ചായത്തു ഭരണസമിതി ആശുപത്രി കെട്ടിടം കോളേജാക്കുന്നതെന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
