ആശ്രിത നിയമനത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

കോഴിക്കോട്: സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സതീശനെ കസബ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. 

ആശ്രിത നിയമനത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോഴിക്കോട് ഫറൂക്ക് സ്വദേശിയാണ് പരാതിക്കാരി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ കോഴിക്കോട് കസബ പോലീസ് തയ്യാറായിരുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വച്ച് ഈ കേസിനെക്കുറിച്ച് സംസരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് എസ്.ഐ സ്റ്റേഷന്‍ വിടുകയായിരുന്നു. 

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേര് പറഞ്ഞായിരുന്നു തട്ടിപ്പെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. രണ്ടര ലക്ഷം രൂപ പല തവണയായി പി.സതീശന്‍ കൈപ്പറ്റിയിരുന്നതായി പരാതിക്കാരി ആരോപിച്ചിരുന്നു. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞായിരുന്നു സതീശന്‍ പണം കൈപ്പറ്റിയിരുന്നത്.

വിശ്വാസ്യതയ്ക്കായി രണ്ട് ലക്ഷത്തിന്റെ ചെക്ക് നല്‍കി. പണം കൈപ്പറ്റിയ ശേഷം അതേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. പി.സതീശന്‍ സമാനമായ രീതിയില്‍ മിക്ക ജില്ലകളിലും സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതിക്കാരി ആരോപിച്ചു. എന്‍ജിനീയറിങ്ങ് കഴിഞ്ഞുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും ഇയാള്‍ പണം തട്ടിയെന്നും ആരോപണമുണ്ട്. ഇതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തും സതീശന്‍ തട്ടിപ്പ് നടത്തിയതായി പരാതിഉയര്‍ന്നു. പതിനായിരം രൂപ വീതം അപേക്ഷകരില്‍ നിന്ന് വാങ്ങിയതായി പരാതിക്കാര്‍ ആരോപിച്ചു.

ഇയാളുടെ രാഷ്ട്രീയബന്ധത്തിന്റെ പേരില്‍ പരാതികള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നത്രേ. ഇതുകൊണ്ട് തന്നെ പരാതികള്‍ പുറത്തുവരാറില്ല. പരാതിക്കാരി സ്റ്റേഷനിലെത്തിയ സമയത്ത് പി.സതീശന്‍ സ്റ്റേഷനിലുണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാധ്യമങ്ങളുടെ മുന്നില്‍ വച്ച് പരാതി സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു എസ്.ഐ പറഞ്ഞ്. സി.ഐ വന്നിട്ട് നോക്കാം എന്ന് പറഞ്ഞ് എസ്.ഐ സ്റ്റേഷന്‍ വിടുകയായിരുന്നു. 

എന്നാല്‍ സഹോദരനുമായി 20 വര്‍ഷമായി ബന്ധമൊന്നുമില്ലെന്ന് പി.സതീശന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഇയാളുടെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് അറിവുണ്ടായിരുന്നതായാണ് വിവരം. ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചറിയാവുന്നത് കൊണ്ടാണ് പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്തതെന്നും ആരോപണമുണ്ട്.