ആഢംബര വിവാഹങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് സ്‌പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍. മലപ്പുറം മാറഞ്ചേരിയില്‍ വാട്സ് ആപ്പ് കൂട്ടായ്മയുടെ പട്ടിണിയില്ലാത്ത ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ശ്രീരാമ കൃഷ്ണന്‍.

നവ മാധ്യമങ്ങള്‍ നേരമ്പോക്കിന് മാത്രമല്ല, ഗൗരവതരമായ സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് കൂടിയാണെന്ന് തെളിയിക്കുകയാണ് മാറഞ്ചേരിയിലെ ഒരു കൂട്ടം ആളുകള്‍. ഞങ്ങളുണ്ട് കൂടെ എന്നു പേരിട്ട വാട്സ് ആപ്പ് കൂട്ടായ്മ നാട്ടിലെ ദരിദ്രരായ ആളുകളെ കണ്ടെത്തി ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കും. പ്രവാസി സംഘടനകളുടെ സഹകരണത്തോടെയും വിവാഹ വീടുകളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചുമാണ് കൂട്ടായ്മ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഭക്ഷ്യ നിധിയുടെ ഔപചാരിക ഉദ്ഘാടനം സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

സ്വദേശത്തും വിദേശത്തുമുള്ള 100 പേരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. സഹായം ആവശ്യമുള്ളവരെ ആര്‍ക്കും നിര്‍ദ്ദേശിക്കാം. നിലവില്‍ മുപ്പത് കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന സഹായ പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. വാട്സാപ്പ് കൂട്ടായ്മയുടെ നല്ല ഉദ്യമത്തെ തേടി 30000 കിലോ അരിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ നിന്നായി എത്തിയത്.