മലപ്പുറം: ചീങ്കണ്ണിപാലിയിലെ തടയണയുമായി ബന്ധപ്പെട്ട നിയമലംഘനത്തില്‍ പി.വി അന്‍വര്‍ എംഎല്‍എ കുരുങ്ങുമ്പോള്‍, ഇനിയും നടപടിക്ക് കാത്തിരിക്കുന്നത് നിയമലംഘനങ്ങളുടെ പരമ്പര. ഭൂപരിഷ്ക്കരണ നിയമം അട്ടിമറിച്ചും, തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചും എംഎല്‍എ നിയമം കൈയിലെടുത്തു. പരിസ്ഥിതി നിയമം ലംഘിച്ച എംഎല്‍എ നിയമസഭാ പരിസ്ഥിതി സമിതിയില്‍ തുടരുന്നതും ചോദ്യ ചിഹ്നമാകുന്നു.

പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങളെ കുറിച്ച് 43 അന്വേഷണ റിപ്പോര്‍ട്ടുകളാണ് കഴി‍ഞ്ഞ മൂന്നുമാസത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. ദുരന്തസാധ്യതാ മേഖലയില്‍ പാരിസ്ഥിതാകനുമതിയില്ലാതെ കെട്ടിയ പാര്‍ക്കുമതുതല്‍ തുടങ്ങുന്നു നിയമലംഘനങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങള്‍. പാര്‍ക്കിലെ നിയമലംഘനത്തിന് മാത്രം അഞ്ചു തവണ കൂടരഞ്ഞി പ‍ഞ്ചായത്തില്‍ പിഴയടച്ചു. ആരോഗ്യം, പിഡബ്ല്യൂഡി, ഇലക്ട്രിസിറ്റി, മൈനിംഗ് ആന്‍റ് ജിയോളജി തുടങ്ങിയ വകുപ്പുകള്‍ ഇനിയും പാര്‍ക്കിന് അനുമതി നല്‍കിയിട്ടില്ല. 

ഇതേ കാലയളവില്‍ നടത്തിയ തടയണ നിര്‍മ്മാണത്തിലും എംഎല്‍എ നിയമങ്ങള്‍ ലംഘിച്ചു. പതിനഞ്ച് ഏക്കര്‍ കാര്‍ഷികേതര ഭൂമിയേ കൈവശം വയ്ക്കാനാവൂയെന്ന ഭൂപരിഷ്ക്കരണ നിയമം നിലവിലുള്ളപ്പോള്‍ പി വി അന്‍വറിന്‍റെ പേരിലുള്ളത് 207.84 ഏക്കര്‍ ഭൂമി. സത്യവാങ്മൂലത്തില്‍ ഇക്കാര്യം എംഎല്‍എ തന്നെ സമ്മതിക്കുമ്പോള്‍ റവന്യൂവകുപ്പിന്‍റെയും, ലാന്‍ഡ് ബോര്‍ഡിന്‍റെയും അന്വേഷണം ഏത് ദിശയിലായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ആദായനികുതി വകുപ്പിനേയും അന്‍വര്‍ പറ്റിച്ചു. വകുപ്പ് നല്‍കിയ നോട്ടീസിന് ഇനിയും എംഎല്‍എ മറുപടി നല്‍കിയിട്ടില്ല. തടയണയിലെ നിയമലംഘനം വ്യക്തമായ സാഹചര്യത്തില്‍ പരിസ്ഥിതി നിയമം അട്ടിമറിച്ചുവെന്ന് വ്യക്തം. നിയമസഭാ പരിസ്ഥിതി സമിതിയില്‍ ഇനിയും എംഎല്‍എ തുടര്‍ന്നാല്‍ ചോദ്യം ചെയ്യപ്പെടുക സര്‍ക്കാരിന്‍റെ പരിസ്ഥിതി നയം തന്നെയാകും.