പി വി അന്‍വര്‍ പ്രതിയായ കൊലപാതക കേസ് പ്രതികളെ പിടികൂടാന്‍ സമയം ചോദിച്ച് പൊലീസ് സംഭവം നടന്നത് 23 വര്‍ഷം മുന്‍പ് ഒളിച്ചുകളിച്ച് പൊലീസ്

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എ ഉൾപ്പെടെ പ്രതിയായിരുന്ന കൊലപാതക കേസില്‍ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ കൂടുതല്‍ സമയം തേടി പൊലീസ്. 23 വര്‍ഷം മുന്‍പ് നടന്ന മനാഫ് വധക്കേസിലെ നാല് പ്രതികളെയാണ് ഇനിയും പിടികൂടാനുള്ളത്.

1995 ഏപ്രില്‍ 13നാണ് മലപ്പുറം ഒതായിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫ് കൊല്ലപ്പെടുന്നത്. ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മനാഫ് മരിച്ചപ്പോള്‍ പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ 26 പേരാണ് കേസില്‍ പ്രതികളായത്. കേസിലെ പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ അന്‍വര്‍ ഉള്‍പ്പെടെ 21 പേരെ മഞ്ചേരി കോടതി വെറുതെ വിട്ടു.

കേസിലെ ഒന്നാം പ്രതി പി വി അന്‍വറിന്‍റെ സഹോദരി പുത്രനടക്കം ഒളിവില്‍ പോയ നാല് പേരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫിന്‍റെ സഹോദരന്‍ മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. 23 വര്‍ഷത്തിനിടെ എന്ത് നടപടി സ്വീകരിച്ചുവെന്നാരാഞ്ഞ കോടതിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് 7 ന് വീണ്ടും പരിഗണിക്കും.

പി വി അന്‍വറിന്‍റെ സഹോദരീപുത്രനായ മാലങ്ങാടന്‍ ഷെരീഫ് സൗദി അറേബ്യയില്‍ ബിസിനസ് നടത്തുകയാണെന്നും ,ഇടവേളകളില്‍ നേപ്പാള്‍ വഴിയും കോയമ്പത്തൂര്‍ വഴിയും നാട്ടില്‍ വന്നുപോകുന്നുണ്ടെന്നും അബ്ദുല്‍ റസാഖിന്റെ ഹര്‍ജിയില്‍ പറയുന്നു. ഭരണകക്ഷി നേതൃത്വവുമായും , പൊലീസിലെ ഉന്നതരുമായുള്ള ബന്ധം മൂലമാണ് പ്രതികളെ ഇതുവരെയും പിടികൂടാത്തതെന്നാണ് ആക്ഷേപം. വിചാരണ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണിനയിലുണ്ട്.