കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണ വിധേയമായ പാര്‍ക്കില്‍ രഹസ്യ പരിശോധന നടത്തിയതിന് പിന്നാലെ എം എൽ എ യ്ക്ക് വരവിൽ കവിഞ്ഞ ഭൂമി ഉണ്ടോ എന്ന കാര്യം അന്വേഷിക്കാൻ സംസ്ഥാന ലാൻറ് ബോർഡ് താമരശ്ശേരി ലാന്റ് ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടതായി കളക്ടർ യു വി ജോസ്.
ഇന്ന് പുലർച്ചെയാണ് കളക്ടർ പാർക്കിലെത്തിയത്. ദുരന്ത നിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും അൻവറിനെതിരെ കളക്ടർ നടപടിയെടുത്തിരുന്നില്ല. കളക്ടർ യു.വി ജോസിനെതിരെ പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കളക്ടറുടെ പാര്‍ക്ക് സന്ദര്‍ശനവും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായുള്ള അറിയിപ്പും.
ദുരന്ത നിവാരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഒരു പരിശോധന പോലും നടത്താന്‍ നേരത്തെ ജില്ലാ ഭരണകൂടം തയ്യാറിയിരുന്നില്ല. സ്ഥലം കയ്യേറിയിട്ടുണ്ടോയെന്ന് റവന്യൂവകുപ്പിന്‍റെ അന്വേഷണത്തിന് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍ ജില്ലാഭരണ കൂടം നിഷ്‌ക്രിയമായിരുന്നു.രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് കളക്ടര്‍ വഴിപ്പെട്ടതിനാലാണ് നടപടിയെടുക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരമുള്ള പാര്‍ക്കിരിക്കുന്ന പ്രദേശം ദുരന്തസാധ്യതാ മേഖലയായി സര്‍ക്കാര്‍ നിശ്ചയിച്ചതാണ്.മണ്ണിടിച്ചിലിന് സാധ്യതയുള്ള സംസ്ഥാനത്തെ ദുര്‍ബല മേഖലകളില്‍ എംഎല്‍എയുടെ പാര്‍ക്ക് സ്ഥിതിചെയ്യുന്ന താമരശേരി താലൂക്കും പെടുന്നു.അപകട സാധ്യതാ മേഖലയായി പ്രഖ്യപിച്ചിരിക്കുന്ന ഇവിടെ യാതൊരു നിര്‍മ്മാണ പ്രവൃത്തിയും പാടില്ല. ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.
മഴക്കുഴി പോലും പാടില്ലെന്ന് പറയുന്നിടത്ത് പക്ഷേ രണ്ടരലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് കെട്ടി നിര്‍ത്തിയിരിക്കുന്നത്.ഓരോ ജില്ലയിലും കളക്ടര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത്.
