മലപ്പുറം: പരിസ്ഥിതി നിയമ ലംഘനങ്ങളില്‍ വിശദീകരണം തേടി സ്പീക്കര്‍ വീണ്ടും പി വി അന്‍വര്‍ എംഎല്‍എക്ക് കത്ത് കല്‍കി. ഒന്നരമാസം മുന്‍പ് നല്‍കിയ കത്ത് എംഎല്‍എ അവഗണിച്ച സാഹചര്യത്തിലാണ് സ്പീക്കറുടെ ഇടപെടല്‍. 

നിയമസഭാ പരിസ്ഥിതി സമിതിയംഗമായ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ പരിസ്ഥിതി നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. നിയമം ലംഘിച്ച എംഎല്‍എയെ പരിസ്ഥിതി സമിതിയില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം. 

അനുമതികളില്ലാതെ കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചത്. ചീങ്കണിപ്പാലിയിലെ അനധികൃത തടയണ നിര്‍മ്മാണം തുടങ്ങി ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്ന നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. പരാതിക്കടിസ്ഥാനമായ കാര്യങ്ങളില്‍ ഒന്നരമാസം മുന്‍പ് സ്പീക്കര്‍ വിശദീകരണം തേടി. എന്നാല്‍ സ്പീക്കറുടെ കത്ത് പി വി അന്‍വര്‍ ഗൗനിച്ചില്ല. വിശദീകരണ കത്തിന് ഇനിയും മറുപടി ലഭ്യമായിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള ഈ അറിയിപ്പ് വ്യക്തമാക്കുന്നു.

മറുപടി ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പി വി അന്‍വറിന് കത്ത് നല്‍കിട്ടുണ്ടെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പല തവണ പിഴയടച്ച എംഎല്‍എക്കെതി്രെ വനം, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുമ്പോഴാണ് സിപിഎം നേമിനിയായി അദ്ദേഹം നിയമസഭാ പരിസ്ഥിതി സമിതിയിലെത്തുന്നത്. മൂന്നാര്‍ കയ്യേറ്റം, ഭാരതപ്പുഴസംരക്ഷണം, കോട്ടയം കുറിഞ്ഞി കൂമ്പന്‍ മലയിലെ അനധികൃത പാറഖനനം, തുടങ്ങിയ പാരിസ്ഥിതിക വിഷയങ്ങളില്‍ പി വി അന്‍വര്‍ ഉള്‍പ്പെട്ട പരിസ്ഥിതി സമിതി ഇടപെട്ടിരുന്നു.