കുവൈത്ത് സിറ്റി: കുവൈത്തില്‍ സിവില്‍ ഐ.ഡി കാര്‍ഡുകള്‍ക്കുള്ള ഫീസ് മുന്‍കൂര്‍ വാങ്ങാന്‍ തീരുമാനം. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരുമെന്ന് പബ്ലിക് അതാറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 19-ത് മുതല്‍, സിവില്‍ ഐ.ഡികള്‍ക്കുള്ള അപേക്ഷയ്ക്കൊപ്പം തന്നെ ഫീസ് ഈടാക്കുമെന്നാണ് പബ്ലിക്ക് അതാറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്‍ ഡയറക്ടര്‍ ജനറല്‍ മസാദ് അല്‍ അസൂസി അറിയിച്ചത്. 

www.PACI.gov.KW എന്ന വെബ്‌സൈറ്റില്‍ കെ.നെറ്റ് വഴി പണം അടയ്‌ക്കേണ്ടത്. അപേക്ഷ നല്‍കുന്ന സമയത്ത് ഫീസ് അടയ്ക്കുന്നില്ലെങ്കില്‍പോലും തുടര്‍നടപടികള്‍ നിറുത്തലാക്കില്ലെന്നും നിര്‍ദിഷ്ട ഫീസ് അടച്ചശേഷം മാത്രം കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിവില്‍ ഐഡികള്‍ റെഡിയായി കഴിയുമ്പോള്‍ ബന്ധപ്പെട്ട ഓഫീസില്‍ എത്തി പണം നല്‍കിയാണ് കരസ്ഥമാക്കേണ്ടിയിരുന്നത്. 

എന്നാല്‍, നിലവില്‍ ഒന്നര ലക്ഷത്തില്‍ അധികം സിവില്‍ ഐ.ഡികള്‍ ഓഫീസുകളില്‍ കെട്ടികിടക്കുന്നുണ്ട്. ഇത് പാസിക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തുന്നു. അതിനാല്‍,ഇത്തരം നഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് അപേക്ഷയോടെപ്പം തന്നെ പണം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ദിനാറും, മറ്റുള്ളവരുടെ സിവില്‍ ഐഡിയക്ക് 5 ദിനാറുമാണ് ഫീസ്. പ്രതിദിനം 15,000-
ത്തോളം ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നണ്ടന്നും അതോറിട്ടി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.