ലോറി സമരത്തെ തുടര്‍ന്ന് കുട്ടനാട്ടിലേയും അപ്പര്‍കുട്ടനാട്ടിലേയും നെല്ല് സംഭരണം പ്രതിസന്ധിയില്‍. ഉപ്പ് വെള്ളം കയറിയ പാടശേഖരങ്ങളില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ സ്വകാര്യ മില്ലുകള്‍ തയ്യാറാകാത്തത് കര്‍ഷക ദുരിതം ഇരട്ടിയാക്കുന്നു.

കേരളത്തിന്റെ നെല്ലറയില്‍ കൊയ്ത്ത് ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പക്ഷേ കഴിഞ്ഞ രണ്ടാഴ്ചയായി കൊയ്‍ത് കയറിയ നെല്ല് ലോറി സമരം കാരണം സംഭരിക്കാനാകാതെ പാടങ്ങളില്‍ കിടക്കുന്നു. ബദല്‍ സംവിധാനമൊരുക്കാന്‍ കൃഷി - സിവില്‍ സപ്ലൈസ് വകുപ്പുകള്‍ക്ക് ആകുന്നില്ല. മഴ ഭീഷണിയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍.ഉപ്പ് വെള്ളം കയറിയ പാടശേഖരങ്ങളിലെ നെല്ലിന് തൂക്ക കുറവുണ്ടെന്ന പേരിലാണ് സ്വകാര്യ മില്ലുകള്‍ സംഭരിക്കാന്‍ മടി കാണിക്കുന്നത്. കര്‍ഷകരെ പ്രതിസന്ധിയിലാക്കി ഒരു ക്വിന്റല്‍ നെല്ല് സംഭരിക്കുമ്പോള്‍ 15 കിലോ അധികമായി ഈടാക്കാനുള്ള മില്ലുമകളുടെ നീക്കമാണിതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.