ഇടുക്കി: മൂന്നാറില്‍ നിന്ന് നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ മലമുകളില്‍ നെല്ല് വിളയിച്ച് ഓട്ടോ തൊഴിലാളി. മറയൂര്‍-മേലാടി സ്വദേശിയായ ദുരൈരാജാണ് തരിശ് കിടന്നരണ്ടേക്കറോളം വരുന്ന പാടത്ത് കൃഷിയിറക്കി വിജയത്തിലെത്തിച്ചിരിക്കുന്നത്. നിലവില്‍ മറയൂര്‍ താണ്ണന്‍കുടിയില്‍ മാത്രമാണ് നെല്‍കൃഷിയുള്ളത്. ഹൈറേഞ്ചിന്റെ മണ്ണില്‍ ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങള്‍ തരിശായികിടക്കുമ്പോള്‍ കരണ്ണിലാണ് നെല്‍കൃഷിയില്‍ ഈ കര്‍ഷകന്‍ വിജയഗാഥ രചിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 

വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലയുള്ള ആലത്തൂര്‍ മാശിയിലെ രണ്ടര ഏക്കര്‍ സ്ഥലം കാടുപിടിച്ചു കിടക്കൂകയായിരുന്നു. അയല്‍വാസിയില്‍ നിന്നും പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മറയൂരില്‍ കരനെല്‍കൃഷിരീതി നിലനിന്നിരുന്നതാണ്. എന്നാല്‍ പിന്നീട് കര്‍ഷകര്‍ കരിമ്പ് കൃഷിയിലേയ്ക്ക് വഴിമാറിയതോടെ മറയൂര്‍ മലനിരകളില്‍ നിന്നും നല്‍കൃഷി പടിയിറങ്ങുകയായിരുന്നു. 

വിത്തിനുള്ള നെല്ല് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് ദുരൈരാജ് വാങ്ങിയത്. ചെറിയതണുപ്പുള്ള മേഖലയില്‍ കൃഷിചെയ്യാന്‍ ഉപകരിക്കൂ കമല ഇനത്തില്‍പ്പെട്ട വിത്താണ് കൃഷി ഇറക്കിയത്. ആദ്യ കൃഷി വിജയകരമാണെന്ന് ദുരൈരാജ് പറയുന്നു. മൂന്ന് മാസം മുന്‍പ് കൃഷി ഇറക്കിയ പാടങ്ങള്‍ നെല്‍ക്കതിരണിഞ്ഞു വിളയാന്‍ ആരംഭിച്ചു. വര്‍ഷങ്ങാളായി മറയൂര്‍ മേഖലയില്‍ നിന്നും പടി ഇറങ്ങിയ നെല്‍കൃഷി തിരികെ എത്തിയതിനെ ആഹ്ലാദത്തിലാണ ദുരൈ രാജ്, കൃഷിപണിക്ക് ശേഷമാണ് ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പോകുന്നത്. ദുരരാജിനൊപ്പം ഭാര്യയും മക്കളും പിന്തുണ നല്‍കി ഒപ്പമുണ്ട്.

പരിസ്ഥിതിയുടെ നിലനില്‍പ്പിന് നെല്‍പാടങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ട് തന്നെ പ്രകൃതിയുടെ ജലസംഭരണികളായ പാടശേഖരങ്ങള്‍ സംരക്ഷിക്കപ്പേടണ്ടതും വരും തലമുറയുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. പരിസ്ഥിതി ചൂഷണം മുലം കാലാവസ്ഥയിലുണ്ടായ മാറ്റവും കടുത്തവര്‍ളച്ചയും വരും കാലഘട്ടത്തില്‍ അതിജീവിക്കണമെങ്കില്‍ നെല്‍വയലുകള്‍ സംരക്ഷിക്കപ്പടുക തന്നെ വേണം. ഈ സന്ദേശമാണ് ഓട്ടോതൊഴിലാളിയായ ദുരൈരാജ് മറയൂരിന്റെ മലമുകളില്‍ നൂറ് മേനിവിളയിച്ച് സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത്.