സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും. മറ്റ് മില്ലുടമകളുമായി ചർച്ച തുടരുന്നെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തെ വളരെ വലിയൊരു പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. മില്ലുടമകളുടെ സംഘടനകള്‍ പല ആവശ്യങ്ങളുന്നയിച്ച് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കൊയ്ത നെല്ല് കരയ്ക്ക് കയറ്റിയിട്ട് കണ്ണീര്‍ക്കഥകളാണ് നെൽക്കര്‍ഷകര്‍ക്ക് പറയാനുള്ളത്. ഇന്ന് ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും ഇതിന് പരിഹാരമെന്നോണം സംഘടനകളെ ഒഴിവാക്കി മില്ലുടമകളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ശ്രമം നടന്നിരുന്നു. ചില മില്ലുടമകള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്. രണ്ട് മില്ലുടമകള്‍ നെല്ലെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. തൃശ്ശൂരും കുട്ടനാടും ഇന്ന് തന്നെ സംഭരണം തുടങ്ങിയേക്കും. ഇന്ന് ഉച്ചക്ക് ശേഷവും ചര്‍ച്ച തുടരുകയാണ്. 

മില്ലുടമകൾ നെല്ല് സംഭരിച്ചില്ലെങ്കിൽ സപ്ലൈക്കോ നേരിട്ട് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ് വ്യക്തമാക്കി. ചില മില്ലുകൾ ധാരണയായിവന്നിട്ടുണ്ടെന്നും മറ്റ് ചില മില്ലുകളുമായി ഇന്ന് ധാരണയാകുമെന്നും മന്ത്രി അറിയിച്ചു. കുട്ടനാട്ടിലെ നെല്ല് അടിയന്തരമായി ഈ മില്ലുകളിൽ സംഭരിക്കും. എല്ലാ സ്ഥലങ്ങളിലും സപ്ലൈക്കോ സംഭരണശാലകൾ തുറക്കും. മില്ലുടമകളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ 100 കോടി വേണം. രമ്യമായി ധാരണയിലെത്തിയ ശേഷമാണ് മില്ലുടമകൾ മാറിയതെന്നും മന്ത്രി പറഞ്ഞു. മില്ലുടമകൾക്ക് മുന്നിൽ കൈയും കെട്ടിനിൽക്കില്ലെന്നും സർക്കാർ അടിയന്തര നടപടി തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് തന്നെ തുടങ്ങും; രണ്ട് മില്ലുടമകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി