തൃശൂര്‍: ജില്ലയിലെ കോള്‍ മേഖലയില്‍ കൊയ്ത്ത് ആരംഭിച്ച സാഹചര്യത്തില്‍ നെല്ല് സംഭരണ വിഷയത്തില്‍ മില്ലുടമകളും കര്‍ഷകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. പലയിടത്തും നെല്ല് സംഭരണം തന്നെ സ്തംഭനാവസ്ഥയിലായി. തര്‍ക്കപരിഹാരം സര്‍ക്കാരിന് വിടാന്‍ തൃശൂരില്‍ നടന്ന കര്‍ഷകരുടെയും മില്ലുടമകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും യോഗത്തില്‍ തീരുമാനം.
മില്ലുടമകളുടെ ധിക്കാരപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നേരത്തെ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍, കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ജില്ലാ കളക്ടര്‍, കോള്‍ കര്‍ഷക സംഘം പ്രതിനിധികള്‍, സപ്ലൈക്കോ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനങ്ങള്‍ മില്ലുടമകള്‍ ലംഘിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. അതേസമയം, നെല്ല് സംഭരിച്ച് കയറ്റി കൊടുക്കുന്നതിന് വേണ്ടിയുള്ള ചിലവുകള്‍ നല്‍കില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മില്ലുടമകളും വ്യക്തമാക്കി.
തര്‍ക്കം അജണ്ടയാക്കി ചൊവ്വാഴ്ച മില്ലുടമ പ്രതിനിധികളുടെയും കര്‍ഷക പ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ജില്ലാ കളക്ടര്‍ ഡോ.എ കൗശികന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിട്ടും തീര്‍പ്പായില്ല. കഴിഞ്ഞ 25 ന് ഇതുസബന്ധിച്ച് നടന്ന ചര്‍ച്ചയിലും ചൊവ്വാഴ്ചയും നെല്ല് സംരക്ഷണ നടപടികള്‍ മുടക്കമില്ലാതെ മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, മില്ലുടമകള്‍ തര്‍ക്കം തുടരുകയാണ്. സപ്ലൈകോയും മില്ലുടമകളും ഉണ്ടാക്കിയ എഗ്രിമെന്റ് ലംഘിക്കുന്ന സമീപനമാണ് ഇപ്പോഴും മില്ലുടമകള്‍ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ഇതോടെ നെല്ല് സംഭരണം പലയിടത്തും സ്തംഭനാവസ്ഥയിലാണ്.
കൃഷിക്കാര്‍ കൊയ്യ്ത നെല്ല് മില്ലുടമകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് കൃഷിക്കാര്‍ എത്തിച്ച് കൊടുക്കണമെന്ന് വ്യവസ്ഥയിലുണ്ട്. ഇവിടെ നിന്ന് നെല്ല് ചാക്കിലാക്കി മില്ലുടമകള്‍ കയറ്റികൊണ്ട് പോകണമെന്നതാണ് യോഗത്തിലെ നിര്‍ദ്ദേശം. ഇത് കാറ്റില്‍പറത്തിയാണ് മില്ലുടമകള്‍ മുന്നോട്ട് പോകുന്നത്. കയറ്റുകൂലി കിന്റലിന് 12 രൂപയേ നല്‍കൂ എന്ന പിടിവാശിയിലാണ് മില്ലുകാര്‍.
മില്ലുടമകള്‍ക്ക് വേണ്ടി നെല്ല് സംഭരിച്ച് കയറ്റി കൊടുക്കുന്നതിന് വേണ്ടിയുള്ള ചിലവുകള്‍ വഹിക്കില്ല എന്ന് മില്ലുടമകള്‍ തീരുമാനിച്ചതോടെ സ്വീകരിച്ചതിനാല്‍ തര്‍ക്കപരിഹാര യോഗം നാല് മണിക്കൂര്‍ നീണ്ടു. ഒടുവില്‍ ചര്‍ച്ച അവസാനിപ്പിക്കുകയും സപ്ലൈക്കോ പറയുന്ന മുറയ്ക്ക് മില്ലുടമകള്‍ നെല്ല് സംഭരണം തുടരണമെന്ന് നിര്‍ദ്ദേശിച്ചു. വ്യവസ്ത പ്രകാരമുള്ള ചാര്‍ജകള്‍ നെല്ല് സംഭരിക്കുന്ന കര്‍ഷകരുടെ പടവ് പ്രതിനിധികള്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.
