നടിയും മോഡലും എന്നതിലുപരി ഒരു പാട്ടുകാരി കൂടിയായിരുന്നു രേഷ്മ. കഴിഞ്ഞ ഫെബ്രുവരിയില്‍ സുൻബുള്‍ എന്ന നടി പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു
ഇസ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭര്‍ത്താവ് വെടിവച്ച് കൊലപ്പെടുത്തി. സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന രേഷ്മയെ വീട്ടില്‍ അതിക്രമിച്ച് കയറിച്ചെന്ന ശേഷമാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.
ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്നുകഴിയുകയായിരുന്നു. വീണ്ടും കുടുംബവുമായി ബന്ധപ്പെട്ട ഏതോ വിഷയത്തിന്റെ പേരില്‍ ഇരുവരും വഴക്കിലെത്തുകയായിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെയാണ് രേഷ്മ സഹോദരനൊപ്പം താമസിക്കുന്ന വീട്ടിലേക്ക് ഇയാള്‍ അതിക്രമിച്ചുകയറിയതും കൊല നടത്തിയതും.
ജിയോ ടി.വിയാണ് നടിയുടെ കൊലപാതകം സ്ഥിരീകരിച്ച് വാര്‍ത്ത നല്‍കിയത്. നടിയും മോഡലുമെന്നതിലുപരി പാട്ടുകാരി കൂടിയായിരുന്നു രേഷ്മ. മുമ്പും പാക്കിസ്ഥാനില്‍ നിരവധി നടിമാര്‍ക്കും മോഡലുകള്‍ക്കുമെതിരെ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സുന്‍ബുള്‍ എന്ന നടിയാണ് അന്ന് കൊല്ലപ്പെട്ടത്.
