ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ഏതുസമയവും യുദ്ധം തുടങ്ങാന്‍ സജ്ജമായിരിക്കാന്‍ വ്യോമസേനാ തലവന്റെ നിര്‍ദ്ദേശം. കശ്‌മീരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പാക് വ്യോമസേനാ തലവന്‍, മാര്‍ഷല്‍ സൊഹൈല്‍ അമന്റെ നിര്‍ദ്ദേശം സേനയ്‌ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ആക്രമണം നടത്തുകയും ചെയ്‌തിരുന്നു. കഴിഞ്ഞദിവസം മൂന്നു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും, ഇതില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കിയ നിലയിലുമായിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. പതിനഞ്ചോളം പേര്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാക് സേനാ വക്താവ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുദ്ധത്തിന് സജ്ജമായിരിക്കണമെന്ന വ്യോമസേനാ തലവന്റെ നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്. കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ഇതിന്റെ സൂചനയും മാര്‍ഷല്‍ സൊഹൈല്‍ അമന്‍ നല്‍കിയിരുന്നു. ഇന്ത്യയ്‌ക്ക് തക്കതായ തിരിച്ചടി നല്‍കേണ്ടത് എങ്ങനെയെന്ന് പാക് സേനയ്‌ക്ക് അറിയാമെന്നായിരുന്നു, സൊഹൈല്‍ അമന്‍ പറഞ്ഞത്.