ഇന്ത്യയില്‍ ചാരപ്രവര്‍ത്തനത്തിന് പിടിയിലായ പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ മെഹബൂബ് അക്തറിനെ തിരിച്ചയക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നുവെന്ന സൂചന നല്‍കി അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനം, അന്താരാഷ്‌ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമായി വിവിധയിടങ്ങളില്‍ പാകിസ്ഥാന്‍സൈന്യം ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയില്‍ താങ്ന്ദറിലും പൂഞ്ച് സെക്ടറിലുമാണ് ആക്രമണം നടന്നത്. അതിര്‍‍ത്തിയില്‍ കത്വ, ഹീരാനഗര്‍,സാംബ,അര്‍ണിയ,ആര്‍എസ് പുര, അഖ്നൂര്‍ എന്നിവിടങ്ങളിലും ശക്തമായ ആക്രമണമുണ്ടായി. 

നിയന്ത്രണ രേഖ ലംഘിച്ചാണ് പാകിസ്ഥാന്‍ സേന ആക്രമണം നടത്തിയതെന്നാണ് സൂചന. പാക് സൈന്യത്തോടൊപ്പം ഭീകരരും ഇന്ത്യന്‍ പട്ടാളത്തിനെതിരെ ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ബി.എസ്.എഫ് ഡയറക്ടര്‍ ജനറലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആശയവിനിമയം നടത്തി. ശക്തമായി തിരിച്ചടിക്കാനാണ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നുഴഞ്ഞു കയറ്റം കര്‍ശനമായി നേരിടാനും ബി.എസ്.എഫിനോട് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ജമ്മു കശ്‍മീരില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ചാരപ്രവ‍ത്തിക്ക് പിടിയിലായ പാകിസ്ഥാന്‍ നയതന്തര ഉദ്യോഗസ്ഥന്‍ മെഹ്ബൂബ് അക്തറിന് രാജ്യം വിടാനുള്ള സമയം ഇന്ന് വൈകുന്നേരം അവസാനിക്കും.